ജയ്പൂര്‍: നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി രാജ്യത്തെ തന്നെ നമ്പര്‍ വണ്‍ ആയ നളിന്‍ ഖണ്ഡേവാള്‍ ഇപ്പോള്‍ തന്റെ ജീവിത വിജയത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്. 720-ല്‍ 701 മാര്‍ക്ക് നേടിയാണ് നളിന്‍ ഒന്നാമത് ആയത്. ചിട്ടയും കണിശതയുമാര്‍ന്ന പരിശീലനത്തിലൂടെയുമാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയതെന്ന് നളിന്‍ പറയുന്നു.
രാജസ്ഥാനിലെ സികര്‍ ജില്ലയില്‍നിന്നുള്ള നളിന്‍ രണ്ടു വര്‍ഷം മുമ്പാണ് പഠനത്തിനായി ജയ്പൂരിലെത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ നീറ്റ് പരീക്ഷയ്ക്ക് പരിശീലനം ആരംഭിച്ചിരുന്നു. ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ പഠനത്തിനായി നളിന്‍ മാറ്റിവെച്ചു. പരിശീലന കാലയളവില്‍ സമൂഹമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണും മാറ്റിനിര്‍ത്തുകയും ചെയ്തുവെന്ന് നളിന്‍ പറയുന്നു. ഗെയിമിങ്ങിനും വെര്‍ച്വല്‍ വേള്‍ഡിനും പുറത്തുകടന്നാല്‍ മാത്രമേ യഥാര്‍ത്ഥ വിജയം കണ്ടെത്താനാകൂ എന്ന് നളിന്‍ വെളിപ്പെടുത്തി.
നളിന്റെ മാതാപിതാക്കള്‍ ഡോക്ടര്‍മാരാണ്. സഹോദരന് എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്. ഇവരുടെ വലിയ പിന്തുണയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് നളിന്‍ എടുത്ത് പറഞ്ഞു. ഇത് പരീക്ഷയെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാന്‍ സഹായിച്ചുവെന്ന് നളിന്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നിന്നുള്ള ഭവിക് ബന്‍സാല്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അക്ഷത് കൗശിക് എന്നീ വിദ്യാര്‍ത്ഥികള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ഇരുവര്‍ക്കും 700 മാര്‍ക്കാണ് ലഭിച്ചത്. ഇത്തവണ പരീക്ഷയെഴുതിയ 14,10,755-ല്‍ 7,97,042 വിദ്യാര്‍ത്ഥികളാണ് യോഗ്യത നേടിയത്.
Discussion about this post