ഭുവനേശ്വര്‍: സര്‍ക്കാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ച പാലത്തിന്റെ പണി സ്വന്തം ചെലവില്‍ പൂര്‍ത്തിയാക്കി നല്കി ഒരു റിട്ട സര്‍ക്കാര്‍ ജീവനക്കാരന്. ഏകദേശം പത്ത് ലക്ഷം രൂപയോളം ചെലവഴിച്ചാണ് ഗംഗാധരന് എന്നയാള്‍ ജനങ്ങള്‍ക്കായി പാലം പണിത് നല്‍കിയത്. ഒഡിഷയിലെ കോന്‍ഝാറില്‍ സാളന്ദി നദിക്ക് കുറുകെയാണ് പാലം പണിതത്.
പാലത്തിന്റെ പണി സര്‍ക്കാരിന്റെ അനാസ്ഥ മൂലം പാതിവഴിയില്‍ ഉപേക്ഷിച്ച മട്ടിലായിരുന്നു. കാലവര്‍ഷം വന്നാല്‍ ഗ്രാമം ഒറ്റപ്പെട്ടു പോകുന്ന അവസ്ഥയുള്ളതിനാല്‍ രണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സാളന്ദി നദിക്ക് കുറുകെയുള്ള പാലം ഗ്രാമീണരുടെ രണ്ട് പതിറ്റാണ്ടായുള്ള ആവശ്യമായിരുന്നു. ഒരു പതിറ്റാണ്ട് മുമ്പാണ് ഹടാദിഹി ബ്ലോക്ക് ഭരണകൂടം പാലത്തിന്റെ പണി ആരംഭിച്ചത്. എന്നാല്‍ പണി പാതി വഴിയിലെത്തിയപ്പോള്‍ ഫണ്ട് നിലച്ചു.
അതോടെ പാലത്തിന്റെ പണിയും ഉപേക്ഷിച്ചു. നാട്ടുകാര്‍ അപേക്ഷയുമായി ഓഫീസുകള്‍ കയറി ഇറങ്ങിയെങ്കിലും പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല. മറ്റ് വഴിയൊന്നുമില്ലാത്തതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് മുളക്കമ്പുകള്‍ കെട്ടിയാണ് പാലത്തിലൂടെ യാത്ര ചെയ്തത്. ഗ്രാമീണരുടെ ഈ ദുരിതയാത്ര കണ്ട ഗംഗാധരന് സര്‍ക്കാരിനെ കാത്തിരുന്നിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞതോടെ സ്വന്തം പണം കൊണ്ട് പാലം പണിയാന്‍ ഇറങ്ങുകയായിരുന്നു.
വിരമിച്ചപ്പോള്‍ ലഭിച്ച ആനുകൂല്യങ്ങളും മറ്റു നിക്ഷേപങ്ങളും എല്ലാം ചേര്‍ത്ത് വെറ്റിനറി വകുപ്പിലെ മുന്‍ ജീവനക്കാരനായ ഗംഗാധരന് പാലത്തിന്റെ പണി പൂര്‍ത്തിയാക്കി. 10 ലക്ഷം രൂപയാണ് അദ്ദേഹം സ്വന്തം കൈയില്‍ നിന്ന് ചെലവഴിച്ചത്. ഇനി അവസാനഘട്ട മിനുക്ക് പണികള്‍ കൂടിയാണ് ബാക്കിയുള്ളത്. ഇതിന് രണ്ടു ലക്ഷം കൂടി ചെലവായേക്കുമെന്നും അദ്ദേഹം പറയുന്നു.
എന്റെ പ്രൊവിഡന്റ് ഫണ്ട് പൂര്‍ണ്ണമായും പാലത്തിന് ഉപയോഗിച്ചു. എന്റെ തീരുമാനത്തില്‍ കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നു. മക്കള്‍ എന്നെ ആശ്രയിച്ചല്ല കഴിയുന്നത്. ജനങ്ങളുടെ കഷ്ടപ്പാട് കണ്ടാണ് താന്‍ പാലം പണിത് നല്‍കിയതെന്ന് ഗംഗാധരന് പറയുന്നു.
Discussion about this post