ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തിലെ ഉദ്യോഗസ്ഥന്‍ കൊല്ലം അഞ്ചല്‍ സ്വദേശി അനൂപ് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. വിമാനത്തില്‍ ഉണ്ടായിരുന്ന പതിമൂന്ന് പേരെയും കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് ഇവര്‍. വിവരങ്ങള്‍ അന്വേഷിച്ച് അനൂപിന്റെ വീട്ടില്‍ ജനപ്രതിനിധികള്‍ വന്ന് പോകുന്നുണ്ട്. അനൂപ് ഉടന്‍ മടങ്ങിയെത്തുമെന്ന് പ്രതീക്ഷയിലാണ് ബന്ധുക്കളും നാട്ടുകാരും.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് അനൂപും സംഘവും സഞ്ചരിച്ചിരുന്ന വ്യോമസേനാവിമാനം ചൈന അതിര്‍ത്തിയില്‍ നിന്ന് കാണാതായത്. സംഭവം നാട്ടില്‍ അറിഞ്ഞ ഉടന്‍ തന്നെ അനൂപിന്റെ അനുജന്‍ ഉള്‍പ്പടെയുള്ള അടുത്ത ബന്ധുക്കള്‍ അസാമിലേക്ക് പോയിരുന്നു. വ്യോമസേന ഉദ്യോഗസ്ഥരുമായി ബന്ധുക്കള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അനൂപിന്റെ ഭാര്യ വൃന്ദ അസാമിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. പതിനൊന്ന് വര്‍ഷം മുന്‍പ് ബിരുദ വിദ്യാര്‍ത്ഥി ആയിരുന്ന സമയത്താണ് അനൂപ് വ്യോമസേനയില്‍ ഉദ്യോഗസ്ഥനായി ചുമതലയേറ്റത്.
ഒന്നരമാസം മുന്‍പാണ് അനൂപും കുടുംബവും അവസാനം നാട്ടില്‍ എത്തിയത്. ഒരുവര്‍ഷമായി അസാമിലാണ് അനൂപ് ജോലി നോക്കുന്നത്. വ്യോമസേനയില്‍ നിന്നും കിട്ടുന്ന വിവരങ്ങളനുസരിച്ച് മടങ്ങി വരുമെന്ന പ്രതീക്ഷയിലാണ് കുടുംബമുള്ളത്.
എട്ട് വ്യോമസേനാ ഉദ്യോഗസ്ഥരും അഞ്ച് യാത്രക്കാരും അടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിനായി സുഖോയ് ഉള്‍പ്പടെ ലഭ്യമായ എല്ലാ വിമാനങ്ങളും ഉപയോഗിച്ച് തെരച്ചില്‍ നടത്തുകയാണ് വ്യോമസേന.
Discussion about this post