അമൃത്സര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസിലും പൊട്ടിത്തെറി. മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവ്ജോത് സിംഗ് സിദ്ദുവിനെ തദ്ദേശഭരണവകുപ്പിന്റെ ചുമതലയില്‍ നിന്ന് പുറത്താക്കി.
പഞ്ചാബിലെ നഗരമേഖലയില്‍ വോട്ട് കുറഞ്ഞതിന് കാരണം തദ്ദേശഭരണവകുപ്പ് സിദ്ദു കൃത്യമായി കൈകാര്യം ചെയ്യാത്തതിനെത്തുടര്‍ന്നാണെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നേരത്തേ ആരോപിച്ചിരുന്നു.
അതേസമയം, പാര്‍ട്ടിയ്ക്ക് തിരിച്ചടിയേറ്റതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി തന്റെ തലയില്‍ മാത്രം കെട്ടി വയ്ക്കുകയാണെന്ന് ആരോപിച്ച് സിദ്ദു ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
ഊര്‍ജവകുപ്പാണ് സിദ്ദുവിന്റെ പുതിയ വകുപ്പ്. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതെ പകരം അതേസമയത്ത് ഫേസ്ബുക്കില്‍ ലൈവ് ചെയ്ത് പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് സിദ്ദുവിനെ പ്രധാനപ്പെട്ട വകുപ്പിന്റെ ചുമതലയില്‍ നിന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പുറത്താക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റ കോണ്‍ഗ്രസിന് പഞ്ചാബിലും കേരളത്തിലുമാണ് ആകെ ആശ്വാസം നല്കിയ ഫലം ലഭിച്ചത്. ആകെയുള്ള 13 ലോക്സഭാ സീറ്റുകളില്‍ 8 എണ്ണത്തിലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു. എന്നാല്‍ ഗ്രാമീണമേഖലകളില്‍ നിന്നാണ് കോണ്‍ഗ്രസിന് വോട്ട് ലഭിച്ചത്. നഗരമേഖലകളില്‍ നല്ല വിജയം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. തദ്ദേശഭരണവകുപ്പ് കൃത്യമായി സിദ്ദു കൈകാര്യം ചെയ്യാതിരുന്നതിനെത്തുടര്‍ന്നാണ് ഈ തോല്‍വിയുണ്ടായതെന്ന് നേരത്തേ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആരോപിച്ചിരുന്നു.
Discussion about this post