മോഡിയുടെ സ്വപ്‌ന പദ്ധതി സ്വച്ഛ് ഭാരത് വിവാദത്തില്‍; ശൗചാലയത്തില്‍ ഉപയോഗിച്ചത് ഗാന്ധിയുടേയും അശോകചക്രത്തിന്റേയും ചിത്രമുള്ള ടൈലുകള്‍

ബുലന്ദ്ഷഹര്‍: മോഡി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി ആയിരുന്നു സ്വച്ഛ് ഭാരത് അഭിയാന്‍. ഏറെ പ്രതീക്ഷകളോടെ കൊണ്ടുവന്ന പദ്ധതി ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നു. പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ശൗചാലയത്തില്‍ പതിപ്പിച്ചിരിക്കുന്നത് മഹാത്മാഗാന്ധിയുടെയും അശോകചക്രത്തിന്റെയും ചിത്രമുള്ള ടൈലുകള്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലാണ് സംഭവം. എന്നാല്‍ സംഭവം വിവാദമായതോടെ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ജില്ലാ അധികാരികള്‍ നടപടി സ്വീകരിച്ചു.

508 കക്കൂസുകളാണ് സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയിലുള്‍പ്പെടുത്തി ഇവിടെ നിര്‍മ്മിച്ചത്. ഇവയില്‍ 13 എണ്ണത്തിലാണ് ഗാന്ധിജിയുടെയും അശോകചക്രത്തിന്റെയും ചിത്രമുള്ള ടൈലുകള്‍ പതിച്ചത്. ഗ്രാമീണരാണ് വിഷയം ജില്ലാ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് അന്വേഷണം നടക്കുകയും രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു.

നിര്‍മ്മാണ ജോലികള്‍ക്ക് നേതൃത്വം നല്‍കിയ വില്ലേജ് ഡെവലപ്മെന്റ് ഓഫീസര്‍ സന്തോഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. വില്ലേജ് പ്രധാന്‍ സാവിത്രി ദേവി എന്ന ഉദ്യോഗസ്ഥയ്ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്തിരാജ് ഓഫീസര്‍ അമര്‍ജീത സിങ് അറിയിച്ചു.

Exit mobile version