ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കെതിരെയുള്ള കള്ളപ്പണം വെളുപ്പില്‍ കേസ് കൂടുതല്‍ കുരുക്കിലേക്ക്. ഇപ്പോള്‍ വദ്രക്കെതിരെ മലയാളിയും ദുബായില്‍ വ്യവസായിയുമായ സിസി തമ്പി വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. വദ്രയ്ക്ക് ഇയാളുമായി അടുപ്പം ഉണ്ടായിരുന്നു. വദ്രയെ തനിക്ക് പരിചയപ്പെടുത്തി തന്നത് സോണിയാ ഗാന്ധിയുടെ പിഎ പിപി മാധവനാണെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലില്‍ അദ്ദേഹം മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ അനധികൃത ഭൂമിയിടപാടുകള്‍ തുടങ്ങിയ കേസുകളാണ് വദ്രയ്ക്കെതിരേ നിലവിലുള്ളത്. ലണ്ടനിലെ ബ്രിയാന്‍സ്റ്റണ്‍ സ്ക്വയറിലെ പതിനേഴ് കോടി രൂപ വില വരുന്ന വസ്തുവകകള്‍ വാങ്ങാനായി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലുമാണ് വദ്രയ്ക്കെതിരെ അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 13 തവണ ചോദ്യംചെയ്തിരുന്നു. തമ്പിയുടെ ഉടമസ്ഥതയിലുള്ള ദുബായ് ആസ്ഥാനമായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എഫ്സെഡ്ഇ എന്ന കമ്പനി മുഖേനയാണ് സ്വത്ത് വാങ്ങിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഒരു വിമാനയാത്രയ്ക്കിടയിലാണ് സിസി തമ്പിയെ പരിചയപ്പെട്ടതെന്നാണ് റോബര്‍ട്ട് വദ്രയുടെ മൊഴി. സോണിയാ ഗാന്ധിയുടെ പ്രവൈറ്റ് സെക്രട്ടറി മുഖേനയാണ് താന്‍ വദ്രയെ പരിചയപ്പെട്ടതെന്ന തമ്പിയുമയി ഇതിന് വൈരുധ്യമുണ്ട്. അതേസമയം ദുബായിയിലെ ഫ്ളാറ്റില്‍ വദ്ര തങ്ങിയതായും തമ്പി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതും വദ്ര നിഷേധിച്ചു.
Discussion about this post