ബംഗളൂരു: 107കാരിയായ സാലുമരദ തിമ്മക്ക ആണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ താരം. ഇവരുടെ കഥ തന്നെയാണ് എല്ലാവരും ഇന്ന് ചര്‍ച്ച ചെയ്യുന്നത്. വിദ്യാഭ്യാസം തൊട്ടുതീണ്ടാത്ത ഈ അമ്മ മനുഷ്യനെ സഹായിക്കുന്ന അത്യാധുനിക ഉപകരണങ്ങള്‍ നിര്‍മ്മിച്ച കാര്യം പോലും അറിഞ്ഞിട്ടില്ല. എന്നാല്‍ കണ്മുന്നില് വനനശീകരണവും വലിയ വികസനങ്ങളും വരുന്നത് അവര്‍ മനസിലാക്കി. മരങ്ങള്‍ മുറിക്കുന്നതിനെതിരെ ശക്തമായി പോരാടി. കര്‍ണ്ണാടകയുടെ തലസ്ഥാനത്തുള്ള കുടൂര്‍ നാഷണല്‍ ഹൈവേയുടെ ഇരുവശത്തുമായി നാല് കിലോ മീറ്ററോളം ദൂരത്തില്‍ 284 ആല്മരങ്ങള് അവര്‍ നട്ടുവളര്‍ത്തി. 50 വര്‍ഷത്തെ പരിശ്രമം, 284 മരങ്ങള്‍ ഇപ്പോള്‍ നിരത്തിനിരുവശവും തണല്‍ നല്കുന്നു. സാലുമരദ തിമ്മക്ക നട്ടുവളര്‍ത്തിയ ആല്‍മരങ്ങള്‍ക്ക് 498 കോടി രൂപ വില വരുമെന്ന് സര്‍ക്കാര്‍ പറയുന്നു.
ഓരോ ചെടികളും നടുമ്പോഴും ഈ അമ്മയുടെ മനസില്‍ വാത്സല്യം ഉണരും സ്വന്തം മക്കളെ പോലെയാണ് ഈ മരങ്ങളെ അവര്‍ പരിപാലിക്കുന്നത്. എന്നാല്‍ ഇന്ന് ഈ അമ്മയുടെ ഉള്ളില്‍ തീയാണ്. റോഡിന്റെ വികസനത്തിന്റെ പേരു പറഞ്ഞ് താന്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിച്ചുമാറ്റുന്നു എന്ന വേദനയാണ് സാലുമരദ തിമ്മക്കയ്ക്ക്. എന്നാല്‍ ഈ മരങ്ങള്‍ മുറിക്കരുത് എന്ന ആവശ്യമുന്നയിച്ച് ഇവര്‍ മുഖ്യമന്ത്രി കുമാരസ്വാമിയെയും ഉപമുഖ്യമന്ത്രിയെയും കണ്ടു. മരം മുറിക്കാതെ റോഡ് അലൈന്‍മൈന്റ് നടത്തണമെന്നാണ് മുഖ്യമന്ത്രി നല്കിയ നിര്‍ദേശം.
പരിസ്ഥിതി രംഗത്ത് നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുള്ളയാളാണ് സാമൂഹ്യപ്രവര്‍ത്തകയും പത്മശ്രീ ജേതാവും കൂടിയായ സാലുമരദ. 1995ലെ നാഷണല്‍ സിറ്റിസണ്‍സ് അവാര്‍ഡ്, 2010-ലെ ഹമ്പി യൂണിവാഴ്സിറ്റിയുടെ നദോജ അവാര്‍ഡ്, 1997-ലെ ഇന്ദിര പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ് തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങളും തിമ്മക്കയെ തേടിയെത്തിയിട്ടുണ്ട്.
ബംഗളൂരുവിലെ രാമനഗര്‍ ജില്ലയിലെ മഗടി താലൂക്കിലെ ഹുളിക്കല്‍ ഗ്രാമത്തിലാണ് ഈ അമ്മ താമസിക്കുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിഞ്ഞെങ്കിലും ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ആ സങ്കടം ചെറുതൊന്നുമല്ലായിരുന്നു ഈ ദമ്പതികളെ അലട്ടിയത്. ഒടുക്കം കുട്ടികളില്ലെന്ന സങ്കടം മാറ്റാന്‍ സാലുമരദ കണ്ടെത്തിയ വഴിയായിരുന്നു മരങ്ങള്‍ നട്ടുവളര്‍ത്തുക എന്നത്. അത് വിപ്ലവാത്മകമായ ഒരു തീരുമാനമായിരുന്നു. എന്തിനും ഏതിനും ഭര്‍ത്താവും ഇവര്‍ക്ക് കൂട്ടിന് ഉണ്ടായിരുന്നു. ആദ്യവര്‍ഷം പത്ത് തൈകള്‍ നട്ടു. അടുത്തവര്‍ഷം 15 വൃക്ഷത്തൈകള്‍, മൂന്നാം വര്‍ഷം ഇരുപതെണ്ണം, അതങ്ങനെ നീണ്ടുനീണ്ട് 284-ലെത്തി. 1991-ല്‍ ചിക്കയ്യ മരിച്ചു. ഭര്‍ത്താവിന്റെ മരണത്തിലും തിമ്മക്കയെ തളരാതെ പിടിച്ചുനിര്‍ത്തിയത് ആല്മരങ്ങള് തന്നെയാവണം.
Discussion about this post