ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടൊന്നിന് 700 രൂപയെന്ന നിരക്കിലും സീറ്റൊന്നിന് 100 കോടിയെന്ന നിരക്കിലുമാണ് പണം ചെലവാക്കിയതെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
കഴിഞ്ഞ 20 വര്‍ഷത്തെ മാത്രം കണക്കെടുത്താല്‍ 1998 ലേതിനെക്കാള്‍ ആറിരട്ടിയോളം ചെലവ് കൂടിയതായാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി 5,000 കോടിക്കും 60,000 കോടിക്കും ഇടയില്‍ തുക ചെലവായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപിയാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1998 ലെ തെരഞ്ഞെടുപ്പില്‍ ആകെ ചെലവായതിന്റെ 20 ശതമാനം തുക മാത്രമാണ് ബിജെപി ഇറക്കിയത്. എന്നാല്‍ ഇത്തവണ അത് 45 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. 27000കോടി രൂപയോളമാണ് ബിജെപി ചെലവഴിച്ചത്. ശരാശരി ഓരോ ലോക്സഭാ മണ്ഡലത്തിലും 100 കോടിയോളം ചെലവഴിച്ചിട്ടുണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
1998 ലെ പൊതു തെരഞ്ഞെടുപ്പില്‍ ആകെ ചെലവായതിന്റെ 45 ശതമാനവും ചെലവഴിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. ഇക്കുറി അത് 15 ശതമാനത്തിലേക്ക് താഴ്ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പണമൊഴുകിയത് ഈ തെരഞ്ഞെടുപ്പിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Discussion about this post