ജയ്പുര്‍: സ്വര്‍ണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കള്ളന്‍ കൊണ്ടു പോകാതിരിക്കാന്‍ നാം പൂട്ടിട്ട് വെയ്ക്കാറുണ്ട്. എന്നാല്‍ രാജ്യത്തെ ഒരു ഗ്രാമം പൂട്ടിട്ട് സൂക്ഷിക്കുന്നത് ടാങ്കുകളാക്കി വെച്ച വെള്ളമാണ്. ഇതോടെ ഏറ്റവും കൂടുതല്‍ പൂട്ടുകള്‍ വിറ്റുപോകുന്ന നാടായി മാറിയിരിക്കുകയാണ് രാജസ്ഥാനിലെ പരസ്രംപുര എന്ന ഗ്രാമം.
കുടിവെള്ള ക്ഷാമം രൂക്ഷമായ പരസ്രംപുര ഗ്രാമത്തില്‍ തൊണ്ട നനയ്ക്കാന്‍ കിട്ടുന്ന വെള്ളമാണ് മറ്റാരും എടുത്ത് കൊണ്ടു പോകാതിരിക്കാന്‍ ഗ്രാമവാസികള്‍ പൂട്ടിട്ട് സൂക്ഷിക്കുന്നത്. 10 ദിവസം കൂടുമ്പോളാണ് ഇവിടുത്തുകാര്‍ക്ക് ഓരോ ടാങ്കുകളിലായി കുടിവെള്ളം കിട്ടുക. ജലക്ഷാമം രൂക്ഷമായി വന്നതോടെ ഗ്രാമത്തില്‍ വെള്ളം മോഷ്ടിക്കുന്ന കള്ളന്മാരുടെ എണ്ണവും കൂടി വന്നു.
ഇതോടെ 10 ദിവസം കൂടുമ്പോള്‍ കിട്ടുന്ന വെള്ളം ടാങ്കുകളിലാക്കി പൂട്ടിട്ട് വെക്കേണ്ട അവസ്ഥയിലായി ഈ ഗ്രാമവാസികള്‍. ചിലര്‍ ഉറങ്ങാതെ ടാങ്കുകള്‍ക്ക് കാവലും നില്‍ക്കും. സ്വര്‍ണ്ണത്തിനും വെള്ളിക്കുമുള്ള മൂല്യത്തിന് സമമാണ് ഇപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ വെള്ളത്തിനുമെന്ന് ഗ്രാമവാസിയായ ലാലി ദേവി പറയുന്നു. വെള്ളം നിറച്ച പാത്രങ്ങള്‍ പൂട്ടിട്ട് വെച്ചില്ലെങ്കില്‍ ആരെങ്കിലും എടുത്ത് കൊണ്ടു പോകും. ഞങ്ങളുടെ കുട്ടികള്‍ പിന്നെ എന്ത് ചെയ്യും ഗ്രാമവാസികള്‍ നിസ്സഹായരായി ചോദിക്കുന്നു.
പരസ്രംപുര ഗ്രാമത്തെ ഹിന്ദുസ്ഥാന്‍ സിങ്ക് എന്ന കമ്പനി ദത്തെടുത്തതാണ്. ഈ ഗ്രാമത്തിന് സമീപമായിട്ട് അവരുടെ ഖനന മേഖലയുണ്ട്. അവരോട് സംസാരിച്ചിട്ടുണ്ടെന്നും ഇങ്ങോട്ടേക്ക് കൂടുതല്‍ വെള്ളം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ രാജേന്ദ്ര ഭട്ട് പറഞ്ഞു. കുടിവെള്ളം ക്ഷാമത്തിന് ഇതോടെ അറുതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഗ്രാമവാസികള്‍.
Discussion about this post