കൊല്‍ക്കത്ത: തന്നെ ഉപേക്ഷിച്ചു പോയ കാമുകിമാരോട് ക്രൂരമായി പ്രതികാരം ചെയ്യുന്ന കാമുകന്മാരുടെ വാര്‍ത്തകള്‍ നിറയുന്ന കാലമാണിത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി തന്റെ പ്രണയത്തെ തിരിച്ചു കിട്ടാന്‍ സമരം ചെയ്ത ആനന്ദ് ബര്‍മ എന്ന യുവാവിന്റെ കഥ സമൂഹമാധ്യമങ്ങളിലെല്ലാം ഇപ്പോള്‍ നിറയുകയാണ്. എട്ടു വര്‍ഷത്തോളം താന്‍ ജീവനെപ്പോലെ സ്നേഹിച്ച തന്റെ കാമുകിയ്ക്ക് വേണ്ടി മരിക്കാന്‍ പോലും തയ്യാറായിരുന്നു ആനന്ദ്.
പശ്ചിമ ബംഗാളിലെ ധൂപ്ഗുരിയിലാണ് സംഭവം. ആനന്ദ് ലിപികയുമായി എട്ടുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം ആനന്ദിനെ ഉപേക്ഷിച്ച് ലിപിക പോയി. ഒരു യാത്ര പോലും പറയാതെ അപ്രത്യക്ഷയായ തന്റെ കാമുകിയെ ആനന്ദ് ഒരുപാട് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഫോണിലൂടെയും മറ്റും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതും സാധിച്ചില്ല.
എട്ടു വര്‍ഷത്തോളം മനസിലോമനിച്ച പ്രണയത്തെ കൈവിട്ടു കളയാന്‍ ആനന്ദിന് കഴിയുമായിരുന്നില്ല. ഏറെ നാളത്തെ അന്വേഷണത്തിന് ഒടുവില്‍ വീട്ടുകാര്‍ യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ച വിവരം ആനന്ദ് അറിഞ്ഞു. ഇത് കേട്ട് ആദ്യം ആനന്ദ് തളര്‍ന്നെങ്കിലും പിന്നീട് തന്റെ കാമുകിയെ തിരിച്ച് കിട്ടാനായി സമരം ചെയ്യാന്‍ ഒരുങ്ങുകയായിരുന്നു.
എന്റെ എട്ട് വര്‍ഷം മടക്കി തരൂ എന്നെഴുതിയ പ്ലക്കാര്‍ഡും പിടിച്ച് ആനന്ദ് ലിപികയുടെ വീടിന് മുമ്പില്‍ നിരാഹാരസമരം ആരംഭിച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ആനന്ദിന് പിന്തുണ നല്കി. സംഭവമറിഞ്ഞ വീട്ടുകാരും ലിപികയുടെ ഭാവി വരനും ചേര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് ആനന്ദിനെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഇയാള്‍ തയ്യാറായില്ല.
തന്റെ പ്രണയിനിയെ തിരികെ കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന വാശിയിലായിരുന്നു ആനന്ദ്. ദിവസങ്ങള്‍ പിന്നിട്ടിട്ടും ആനന്ദ് സമരത്തില്‍ നിന്നും പിന്മാറാതെ വന്നതോടെ ഇയാളുടെ ആരോഗ്യസ്ഥിതി വഷളാവാന്‍ തുടങ്ങി. തുടര്‍ന്ന് ആനന്ദിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആനന്ദിന് തന്നോടുള്ള സ്നേഹത്തിന്റെ തീവ്രത മനസ്സിലാക്കിയ ലിപിക പിന്നീട് ഇയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹവും സമ്മതവും അറിയിച്ചു.
എന്നാല്‍ ലിപികയുടെ വീട്ടുകാര്‍ ഇതിന് തയ്യാറായില്ല. ഒടുവില്‍ നാട്ടുകാര്‍ ഈ വിഷയത്തില്‍ ഇടപെട്ടപ്പോള്‍ ലിപികയുടെ വീട്ടുകാരും സമ്മതം മൂളുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജായ ശേഷം സമീപത്തെ ക്ഷേത്രത്തില്‍ വെച്ച് ആനന്ദും ലിപികയും വിവാഹിതരായി. വാര്‍ത്തയറിഞ്ഞവര്‍ സമൂഹമാധ്യമങ്ങളില്‍ ആനന്ദിന്റെ പരിശുദ്ധമായ സ്നേഹത്തെ വാനോളം പുകഴ്ത്തുകയാണ്.
Discussion about this post