ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ ലോക്സഭാ മണ്ഡലത്തില്‍ തന്റെ മകന് വൈഭവ് ഗെഹ്ലോട്ട് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം സച്ചിന് പൈലറ്റിനാണെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജസ്ഥാനിലെ ജോധ്പൂരിലാണ് വൈഭവ് ഗെഹ്ലോട്ട് പരാജയപ്പെട്ടത്. അഞ്ച് തവണ അശോക് ഗെഹ്ലോട്ട് എംപിയായി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് ജോധ്പൂര്‍.
കോണ്‍ഗ്രസിന് ഏറെ ജനസ്വാധീനമുള്ള മണ്ഡലത്തില്‍ തോറ്റതിന്റെ ഉത്തവാദിത്വം പിസിസി അധ്യക്ഷനെന്ന നിലയില്‍ സച്ചിന് പൈലറ്റ് ഏറ്റെടുക്കണമെന്ന് ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുമ്പ് വലിയ പ്രതീക്ഷയിലായിരുന്നെന്നും ജോധ്പൂരില്‍ വലിയ മാര്‍ജിനില്‍ വിജയിക്കാനാകുമെന്നുമാണ് സച്ചിന് പൈലറ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍, ഫലം വന്നപ്പോള്‍ തോറ്റു. തോല്‍വിയില്‍ തനിക്കാണ് ഉത്തരവാദിത്തമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍, പിസിസി അധ്യക്ഷനെന്ന നിലയില്‍ സച്ചിന് പൈലറ്റിനും തോല്‍വിയുടെ ഉത്തരവാദിത്വമുണ്ടെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി. നാല് ലക്ഷം വോട്ടിനാണ് ബിജെപിയുടെ കേന്ദ്രമന്ത്രിയായിരുന്ന ഗജേന്ദ്ര സിങ് ശെഖാവത്തിനോട് വൈഭവ് തോറ്റത്.
അതേസമയം, ഗെഹ്ലോട്ടിന്റെ പ്രസ്താവനയോട് സച്ചിന് പൈലറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജസ്ഥാനില്‍ അധികാരത്തിലേറി ആറുമാസം പിന്നിടും മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ 25 സീറ്റിലും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. ഇത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവുകയായിരുന്നു. വൈഭവിന്റെ തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ അശോക് ഗെഹ്ലോട്ടിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ചിലര്‍ മക്കളുടെ വിജയത്തിന് വേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചതെന്ന് രാഹുല്‍ ഗാന്ധിയും കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ട് ജോധ്പൂര്‍ മണ്ഡലത്തില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്.
Discussion about this post