ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ കോര്‍പ്പറേറ്റുകളുടെ ഗൂഢാലോചന; പട്‌നായിക്ക് സമിതി കണ്ടെത്തല്‍

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ കുടുക്കി അതുവഴി സുപ്രീം കോടതിയിലെ ചില കേസുകളില്‍ അനുകൂല ഉത്തരവ് സമ്പാദിക്കാന്‍ ഒരു കോര്‍പ്പറേറ്റ് സ്ഥാപനം ഗൂഢാലോചന നടത്തി

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ ലൈംഗികപീഡന പരാതിക്ക് പിന്നില്‍ കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ ഗൂഢാലോചനയെന്ന് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എകെ പട്‌നായിക്ക് സമിതി റിപ്പോര്‍ട്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ കുടുക്കി അതുവഴി സുപ്രീം കോടതിയിലെ ചില കേസുകളില്‍ അനുകൂല ഉത്തരവ് സമ്പാദിക്കാന്‍ ഒരു കോര്‍പ്പറേറ്റ് സ്ഥാപനം ഗൂഢാലോചന നടത്തിയെന്ന് എകെ പട്നായിക് സമിതി കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോട്ടുകള്‍.

ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നുവെന്നതിനുള്ള തെളിവുകള്‍ ജസ്റ്റിസ് എകെ പട്‌നായിക്കിന് ലഭിച്ചെന്ന് ടെലഗ്രാഫ് ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത മാസമാണ് സുപ്രീം കോടതിയില്‍ സമിതി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം സമര്‍പ്പിക്കുക. ഗൂഢാലോചനയെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ സിബിഐ, ഐബി, ഡല്‍ഹി പോലീസ് എന്നീ ഏജന്‍സികളെ ചുമതലപ്പെടുത്തണമെന്ന് ജസ്റ്റിസ് എകെ പട്‌നായിക്ക് ശുപാര്‍ശ ചെയ്യാനാണ് സാധ്യത.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക പരാതി നേരത്തെ ജസ്റ്റിസ് എസ്എ ബാബ്‌ഡെ അധ്യക്ഷനായ ആഭ്യന്തര അന്വേഷണ സമിതി തള്ളിയിരുന്നു. പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. തെളിവെടുപ്പിനായി രണ്ടു തവണ ഹാജരായ യുവതി പിന്നീട് ആഭ്യന്തര സമിതിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്ന് ആരോപിച്ച് തുടര്‍ന്നുള്ള സിറ്റിങുകള്‍ ബഹിഷ്‌കരിക്കുകയായിരുന്നു.

Exit mobile version