ന്യൂഡല്‍ഹി: വിദ്യാലയങ്ങളില്‍ നിര്‍ബന്ധമായും മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കണമെന്ന കേന്ദ്ര തീരുമാനത്തിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കരട് വിദ്യാഭ്യാസ നയം തിരുത്തി കേന്ദ്രസര്‍ക്കാര്‍. പുതിയ കരട് വിദ്യാഭ്യാസ നയത്തില്‍ (Draft National Education Policy NEP 2019) ഇഷ്ടമുള്ള മൂന്ന് ഭാഷകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാമെന്നാണ് വ്യക്തമാക്കുന്നത്. ‘ഹിന്ദി’ എന്ന പരാമര്‍ശം തന്നെ നയത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പഴയ കരട് നയം അനുസരിച്ച്, വിദ്യാര്‍ത്ഥികള്‍ ആകെ മൂന്ന് ഭാഷകളാണ് പഠിക്കേണ്ടിയിരുന്നത്. ഇംഗ്ലീഷും, ഹിന്ദിയും നിര്‍ബന്ധമായും പഠിക്കണം. ഇതോടൊപ്പം ഒരു പ്രാദേശിക ഭാഷയും പഠിക്കണമെന്നായിരുന്നു റിപ്പോര്‍ട്ട്. മുന്‍ ഐഎസ്ആര്‍ഒ തലവന്‍ കെ കസ്തൂരിരംഗന്‍ അദ്ധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഭിന്നഭാഷകള്‍ സംസാരിക്കുന്ന രാജ്യത്ത്, വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ഭാഷകളെങ്കിലും നിര്‍ബന്ധമായും എഴുതാനും വായിക്കാനും അറിയണമെന്നും അതിനായി ചെറിയ ക്ലാസ്സുകള്‍ മുതലേ ഭാഷാ പഠനം ആവശ്യമാണെന്നുമായിരുന്നു സമിതിയുടെ ശുപാര്‍ശ.
ഈ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധമായിരുന്നു തമിഴ്‌നാട്ടില്‍ അരങ്ങേറിയത്. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും, മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസനും രംഗത്ത് വന്നിരുന്നു. തമിഴ് ജനതയുടെ രക്തത്തില്‍ ഹിന്ദിയില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി നിര്‍ബന്ധമാക്കിയാല്‍ കേന്ദ്രവുമായി ഏറ്റുമുട്ടുമെന്ന് സ്റ്റാലിന്‍ പറഞ്ഞിരുന്നു. തമിഴ്‌നാട്ടില്‍ കരട് നയത്തിനെതിരെ ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കൂടാതെ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെ സര്‍ക്കാര്‍ ഇത്തരമൊരു നയം അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ചതോടെയാണ് കേന്ദ്രം കരട് നയം തിരുത്തിയത്.
Discussion about this post