ന്യൂഡല്‍ഹി: വിദ്യാലയങ്ങളില്‍ നിര്‍ബന്ധമായും മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കണമെന്ന കേന്ദ്ര തീരുമാനത്തിനെതിരെ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി ജയശങ്കര്‍.
ഏകപക്ഷീയമായി ഒരു ഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്നും, പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് പൊതുസമൂഹത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും അഭിപ്രായം തേടുമെന്നും ജയശങ്കര്‍ പറഞ്ഞു.
‘ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ കരട് രേഖ മാത്രമാണിത്. പൊതുജനങ്ങളുടെയും, സംസ്ഥാന സര്‍ക്കാരുകളുടെയും പ്രതികരണം തേടും. ഇത് കഴിഞ്ഞേ നടപ്പിലാക്കൂ. എല്ലാ ഭാഷകളെയും ഇന്ത്യ ഗവണ്മെന്റ് ബഹുമാനിക്കുന്നുണ്ട്. ഏതെങ്കിലും ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കില്ല,’ അദ്ദേഹം വ്യക്തമാക്കി.
മുന്‍ ഐഎസ്ആര്‍ഒ തലവന്‍ കെ കസ്തൂരിരംഗന്‍ അദ്ധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അതെസമയം തീരുമാനത്തിനെതിരെ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും, മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസനും രംഗത്ത് വന്നിരുന്നു.
മൂന്ന് ഭാഷ പഠിപ്പിക്കുന്ന പദ്ധതി ഇതുവരെ കാര്യക്ഷമമായല്ല നടപ്പിലാക്കിയതെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ രണ്ടാം ഭാഷയായി ഹിന്ദി പഠിക്കുന്നുണ്ടെന്നും എന്നാല്‍ ഉത്തരേന്ത്യയില്‍ ആരും മലയാളമോ തമിഴോ പഠിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post