ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകയുടെ പീഡനാരോപണത്തില്‍ കേന്ദ്ര സഹമന്ത്രി എംജെ അക്ബറിനെതിരെ അന്വേഷണം നടത്തണമെന്ന് കേന്ദ്രവനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി. വിദേശ്യകാര്യ സഹ മന്ത്രിയായ അക്ബറിനെതിരെ അന്വേഷണം ആവശ്യപ്പെടുന്ന ആദ്യ ബിജെപി നേതാവ് കൂടിയാണ് മനേക ഗാന്ധി.
എന്തു തന്നെയായാലും അക്ബറിനെതിരെ അന്വേഷണം നടത്തേണ്ടതാണ്. അധികാരത്തിന്റെ ഉന്നത പദവിയില്‍ ഇരിക്കുന്ന പുരുഷന്മാര്‍ ഇത്തരത്തില്‍ സ്ത്രീകളെ ചൂഷണത്തിന് ഇരയാക്കുന്നുണ്ട്. മാധ്യമ ലോകത്തും രാഷ്ട്രീയ രംഗത്തും മറ്റ് കമ്പനികളിലായാലും ഇതു തന്നെയാണ് അവസ്ഥ. തങ്ങള്‍ക്ക് നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ പ്രതികരിച്ചു തുടങ്ങിയിരിക്കുകയാണെന്നും മനേക ഗാന്ധി പറഞ്ഞു.
ലൈവ്മിന്റ് നാഷണല്‍ ഫീച്ചേഴ്സ് എഡിറ്റര്‍ പ്രിയ രമണിയാണ് അക്ബറിനെതിരെ ട്വിറ്ററിലൂടെ ലൈംഗിക ആരോപണമുന്നയിച്ചത്. 1997ല്‍ നടന്ന സംഭവമായിരുന്നു അത്. ടെലഗ്രാഫിന്റെ സ്ഥാപക എഡിറ്റര്‍ കൂടിയായ അക്ബര്‍ മാധ്യമ മേഖലയില്‍ തിളങ്ങി നിന്നിരുന്ന സമയത്ത് ആ മേഖലയില്‍ പുതുമുഖമായിരുന്ന പ്രിയ, അക്ബര്‍ വിളിച്ചതുപ്രകാരം മുംബൈയിലെ ഹോട്ടലില്‍ രാത്രി ഏഴ് മണിക്ക് ചെന്നിരുന്നു.
അഭിമുഖത്തിനാണെന്ന് പറഞ്ഞായിരുന്നു 23കാരിയായ പ്രിയയെ അയാള്‍ വിളിച്ചത്. എന്നാല്‍ അക്ബറില്‍ നിന്നും മോശമായ അനുഭവമാണ് ഉണ്ടായതെന്നും തനിക്ക് മദ്യം വാഗ്ദാനം ചെയ്‌തെന്നും പ്രിയ ആരോപിച്ചിരുന്നു. തനിക്കുണ്ടായ അനുഭവം ഇയാളില്‍ നിന്ന് മറ്റുള്ള മാധ്യമ വിദ്യാര്‍ത്ഥികളും നേരിട്ടിരിക്കുമെന്നും അവര്‍ അത് വെളിപ്പെടുത്തട്ടെ എന്നും പ്രിയ ട്വിറ്ററില്‍ കുറിച്ചു.
Discussion about this post