പലന്‍പുര്‍: പനി മാറാന്‍ ഇരുമ്പ് ദണ്ഡ് വെച്ച് പൊള്ളിച്ച ഒരു വയസുകാരന് അണുബാധയേറ്റ് മരിച്ചു. ഗുജറാത്തിലെ ബനസ്കന്ദയിലെ വാവ് തെഹ്സില്‍ നിന്നുള്ള വിപുല്‍ എന്ന ഒരു വയസുകാരനാണ് മരണപ്പെട്ടത്. പനി വന്നാല്‍ ഇരുമ്പ് ദണ്ഡ് വെച്ച് പൊള്ളിച്ചാല്‍ മതിയെന്ന മുറി വൈദ്യന്മാരുടെ വാക്കുകളില്‍ വിശ്വസിച്ചാണ് പ്രാകൃതമായ ഈ നടപടി കൈകൊണ്ടത്.
പത്ത് ദിവസമായി പനി മാറാതെ വന്നതോടെയാണ് വിപുലിന്റെ മാതാപിതാക്കള്‍ കുഞ്ഞുമായി ഗ്രാമത്തിലെ മുറി വൈദ്യന്റെ അടുത്തെത്തിയത്. അയാള്‍ പതിവ് ചികിത്സ ആയ ഇരുമ്പ് ദണ്ഡ് ചൂടാക്കി കുഞ്ഞിന്റെ കൈയ്യില്‍ പൊള്ളിച്ചു. ഇടതു കൈയ്യിലായിരുന്നു തീകൊണ്ടുള്ള മുദ്ര കുത്തല്. ന്യൂമോണിയ ബാധിതനായ വിപുലിന്റെ ആരോഗ്യാവസ്ഥ ഇതോടെ കൂടി വഷളാവുകയായിരുന്നു.
സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവര്‍ അഹമ്മദാബാദിലെ മറ്റൊരു ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ഇവിടെ വച്ചാണ് കുഞ്ഞ് മരണപ്പെട്ടത്. പൊള്ളലില്‍ നിന്നുണ്ടായ അണുബാധയാണ് മരണകാരണമായതെന്ന് ഡോക്ടര്‍ പറയുന്നു. ഗുജറാത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും ഇത് പോലുള്ള പല പ്രാകൃത ചികിത്സാ രീതികളും നിലനില്‍ക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Discussion about this post