ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് മെട്രോയിലും ബസിലും സൗജന്യയാത്ര അനുവദിക്കാനൊരുങ്ങി ആംആദ്മി സര്‍ക്കാര്‍. സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകര്‍ഷിക്കാനും, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്.
കൂടാതെ ഡല്‍ഹിയിലെ വൈദ്യുതി ഉപഭോഗ ബില്ലിലെ അടിസ്ഥാന നിരക്ക് താഴ്ത്താന്‍ വൈദ്യുതി ബോര്‍ഡ് അധികൃതരുമായി ചര്‍ച്ച നടത്തുകയാണെന്നും ആംആദ്മി നേതാക്കള്‍ വ്യക്തമാക്കി.
ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളിലും ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റത്തിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര പ്രഖ്യാപിക്കാന്‍ തടസ്സമുണ്ടാകില്ല. അതെസമയം,
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ കേന്ദ്രത്തിനും വിഹിതമുള്ളതിനാല്‍ ഈ തീരുമാനം
ഡല്‍ഹി മെട്രോയില്‍ നടപ്പിലാക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നാണ് ഉദ്യോഗസ്ഥ തലത്തിലുള്ള വിലയിരുത്തല്‍. സ്ത്രീകള്‍ക്ക് നിരക്ക് ഇളവ് പ്രഖ്യാപിക്കുന്ന തീരുമാനം നാളെയുണ്ടാകും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ മത്സരിച്ച എല്ലാ സീറ്റിലും ആം ആദ്മി പാര്‍ട്ടി തോറ്റിരുന്നു. ഇതിന് പുറമെ രാജ്യമൊട്ടാകെ മത്സരിച്ച 40 സീറ്റുകളില്‍ ആകെ ഒരിടത്താണ് അവര്‍ക്ക് വിജയിക്കാനായത്. അടുത്ത വര്‍ഷം അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹിയില്‍ തിരിച്ചടി നേരിട്ടേക്കുമെന്ന ഭീതി ആംആദ്മി കേന്ദ്രങ്ങളിലുണ്ട്. അത് മുന്നില്‍ കണ്ടാണ് സൗജന്യ യാത്ര ആംആദ്മി വാഗ്ദാനം ചെയ്യുന്നത്.
Discussion about this post