ചെന്നൈ: തമിഴ്നാട് സെക്രട്ടേറിയേറ്റില്‍ സ്ത്രീ ജീവനക്കാര്‍ക്ക് വസ്ത്രധാരണച്ചട്ടം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. സാരി, ചുരിദാര്‍, സല്‍വാര്‍ കമ്മീസ് തുടങ്ങിയവ ധരിക്കാം. എന്നാല്‍ ചുരിദാറിനൊപ്പം ഷാള്‍ നിര്‍ബന്ധമാണെന്നും ഉത്തരവില്‍ എടുത്ത് പറയുന്നുണ്ട്. വസ്ത്രങ്ങള്‍ ഇളം നിറത്തിലുള്ളതായിരിക്കണമെന്നും നിര്‍ദേശമുണ്ട്.
തമിഴ് സംസ്കാരം എടുത്ത് കാണിക്കുന്ന വസ്ത്രങ്ങളോ മറ്റ് ഇന്ത്യന്‍ പരമ്പരാഗത വസ്ത്രങ്ങളോ ആണ് പുരുഷന്മാര് ധരിക്കേണ്ടത്. ഫോര്‍മല്‍ പാന്റ്സും ഷര്‍ട്ടിനുമൊപ്പം പുരുഷന്മാര്ക്ക് മുണ്ടും ധരിക്കാവുന്നതാണെന്ന് മെയ് 28-ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനാണ് സെക്രട്ടേറിയറ്റിലെ പുതിയ വസ്ത്രധാരണ രീതികള്‍ സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, എന്നാല്‍ മാന്യമായ വസ്ത്രധാരണം ഉറപ്പാക്കുന്നതിനാണ് പുതിയ വസ്ത്രധാരണച്ചട്ടം പുറത്തിറക്കിയതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. കോടതിയില്‍ ഹാജരാകുന്ന ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക വസ്ത്രധാരണച്ചട്ടം നിഷ്കര്‍ഷിക്കുന്നുണ്ട്. കോടതികളിലോ ട്രിബ്യൂണലുകളിലോ ഹാജരാകുന്ന പുരുഷ ഉദ്യോഗസ്ഥര്‍ കോട്ട് ധരിക്കണം.
പാന്റ്സിനൊപ്പം ഫുള്‍ സ്ലീവ് ഷര്‍ട്ടും ഒപ്പം കോട്ടുമാണ് അണിയേണ്ടത്. തുറന്ന കോട്ടാണെങ്കില്‍ ടൈ ധരിക്കണം. ഇളം നിറത്തിലുള്ളതും മാന്യമായ ഡിസൈനിലുമുള്ള വസ്ത്രങ്ങളായിരിക്കണം ധരിക്കേണ്ടത്. സെക്രട്ടേറിയറ്റിലെ വനിതാ ജീവനക്കാര്‍ക്ക് നിഷ്കര്‍ഷിച്ചിരിക്കുന്ന വേഷം തന്നെയാണ് കോടതിയിയിലെ വനിതാ ജീവനക്കാര്‍ക്കും നിര്‍ദേശിച്ചിരിക്കുന്നത്.
Discussion about this post