മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിന്റെയും ഒസ്മാനബാദിന്റെയും പേര് മാറ്റണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത്.
ഔറംഗാബാദിന്റെ പേര് സാംബാജി നഗര്‍ എന്നും ഒസ്മാനബാദിന്റെ പേര് ധാരശിവ് നഗര്‍ എന്നും, ആക്കണമെന്ന് ശിവസേന വക്താവ് സഞ്ജയ് റൗട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനോട് ആവശ്യപ്പെട്ടു.
അലഹബാദിന്റേയും ഫൈസാബാദിന്റേയും പേര് പ്രയാഗ് രാജ് എന്നും അയോധ്യയെന്നും ആക്കിക്കൊണ്ടുള്ള യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനത്തിന് പിന്നാലെയാണ് മഹാരാഷ്ട്രയില്‍ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ശിവസേന വന്നിരിക്കുന്നത്. ശിവസേന വക്താവ് സഞ്ജയ് റൗട്ട് തന്റെ ട്വിറ്ററിലൂടെയാണ് ആവശ്യം ഉന്നയിച്ചത്.
”യോഗി ആദിത്യനാഥ് അലഹബാദിന്റേയും ഫൈസാബാദിന്റേയും പേരുകള്‍ മാറ്റിയിരിക്കുന്നു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രഫട്നാവിസിന് ഔറംഗാബാദിന്റേയും ഒസ്മാനാബാദിന്റേയും പേരുകള്‍ മാറ്റിക്കൂടാ”- എന്നായിരുന്നു സഞ്ജയ് റൗട്ട് ട്വിറ്ററില്‍ ചോദിച്ചത്.
അതെസമയം, ഔറംഗാബാദിന്റെയും ഒസ്മാനബാദിന്റെയും പേര് മാറ്റണമെന്ന ആവശ്യം ശിവസേന നേരത്തെ മുതല്‍ ഉന്നയിക്കുന്നതാണെന്നും. എന്നാല്‍ കോണ്‍ഗ്രസും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും മുസ്ലീം വോട്ട് കണ്ട് ആവശ്യം തള്ളുകയായിരുന്നു എന്നും മഹാരാഷ്ട്ര ലേജിസ്‌ലേറ്റീവ് കൗണ്‍സില്‍ അംഗവും ശിവസേന നേതാവുമായ മനീഷ കയാണ്ടെ പറഞ്ഞു.
Discussion about this post