ന്യൂഡല്‍ഹി: അട്ടിമറി വിജയം നേടി അധികാരത്തിലെത്തിയ നരേന്ദ്ര മോഡി രണ്ടാം മന്ത്രിസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായി അമിത് ഷായും പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിംഗും ചുമതലയേറ്റു. വസതിയില്‍ പ്രത്യേക പൂജയും ഹോമവും നടത്തിയതിന് ശേഷമാണ് അമിത് ഷാ ചുമതലയേല്‍ക്കുവാന്‍ എത്തിയത്. 12.10ഓടെയാണ് നോര്‍ത്ത് ബോക്കിലെ അഭ്യന്തരമന്ത്രാലയത്തിന്റെ ഓഫീസില്‍ എത്തി ചുമതല ഏറ്റെടുത്തത്.
മറ്റു മന്ത്രിമാരില്‍ നിന്നും വ്യത്യസ്തമായി മാധ്യമങ്ങളുടേയും ഉദ്യോഗസ്ഥരുടേയും വന്‍പട തന്നെ അമിത് ഷായുടെ അധികാരമേറ്റെടുക്കലിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിട്ടുണ്ടായിരുന്നു. ആഭ്യന്തരവകുപ്പ് സെക്രട്ടറി ഇന്ന് രാവിലെ തന്നെ ചുമതലയേറ്റിരുന്നു. ശേഷമാണ് അമിത് ഷാ എത്തിയത്. രാവിലെ ചുമതലയേറ്റെടുത്ത സഹമന്ത്രിമാരും ചേര്‍ന്നാണ് അമിത് ഷായെ ഓഫീസിലേക്ക് സ്വാഗതം ചെയ്തത്.
ഓഫീസില്‍ എത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും സഹമന്ത്രിമാരുമായും അമിത് ഷാ പ്രത്യേകം കൂടിക്കാഴ്ച നടത്തി. സൗത്ത് ബ്ലോക്കിലെ പ്രതിരോധമന്ത്രാലയത്തില്‍ എത്തിയ രാജ്‌നാഥ് സിംഗിനെ പ്രതിരോധസെക്രട്ടറിയും മൂന്ന് സേനാതലവന്‍മാരും കൂടി ചേര്‍ന്നാണ് സ്വീകരിച്ചത്. പ്രകാശ് ജാവദേക്കറും ഇന്ന് പരിസ്ഥിതി മന്ത്രിയായി ചുമതലയേറ്റു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉള്‍പ്പടെ നയപരമായ വിഷയങ്ങളില്‍ ഇപ്പോള്‍ പ്രതികരണമില്ലെന്ന് ജാവദേക്കര്‍ വ്യക്തമാക്കി.