രാജ്യത്ത് തൊഴിലില്ലായ്മ 45 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഒടുവില്‍ പൂഴ്ത്തി വെച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ സര്‍ക്കാരും നീതി ആയോഗും ഇത് നിഷേധിച്ചിരുന്നു.

ന്യൂഡല്‍ഹി: ഒന്നാം മോഡി സര്‍ക്കാരിന്റെ അവസാനകാലത്ത് 45 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കാലത്ത് പൂഴ്ത്തി വെച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ മറനീക്കി പുറത്ത് വന്നിരിക്കുന്നത്. ദേശീയ സാംപിള്‍ സര്‍വേ ഓഫീസിന്റെ 2017-18 വര്‍ഷത്തെ റിപ്പോര്‍ട്ടാണ് പുറത്ത് വിട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം 6.1 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ സര്‍ക്കാരും നീതി ആയോഗും ഇത് നിഷേധിച്ചിരുന്നു. എന്നാല്‍ അവയെല്ലാം തള്ളിയാണ് ഇപ്പോള്‍ ഔദ്യോഗിക വിവരം പുറത്ത് വന്നത്. അട്ടിമറി വിജയം നേടി രണ്ടാം മോഡി സര്‍ക്കാര്‍ അധികാരമേറ്റത്തിന് തൊട്ടുപിന്നാലെയാണ് തൊഴില്‍ മന്ത്രാലയം ഇതുവരെ പൂഴ്ത്തിവെച്ച കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്തെ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ 5.3 ശതമാണ്. നഗരങ്ങളിലെ തൊഴിലില്ലായ്മ 7.8 ശതമാണ്.

ദേശീയ സ്റ്റാറ്റസ്റ്റിക്കല്‍ കമ്മിഷന്‍ അംഗീകരിച്ച റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിന് മുമ്പ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 1972-73 കാലഘട്ടത്തിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണ് നോട്ടു നിരോധനത്തിനു ശേഷം ഉണ്ടായത് എന്ന പരാമര്‍ശം പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ആയുധമാക്കിയിരുന്നു. ഇന്ത്യയുടെ ഏറ്റവും ആധികാരികമായ സര്‍വേയാണ് എന്‍എസ്എസ്ഒയുടെ തൊഴില്‍ സര്‍വേ.

Exit mobile version