ന്യൂഡല്‍ഹി: വ്യോമാപാതയില്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താത്കാലിക നിയന്ത്രണം പിന്‍വലിച്ചതായി ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. ഔദ്യോഗികട്വിറ്ററിലൂടെ വെള്ളിയാഴ്ചയാണ് വ്യോമസേന ഇക്കാര്യം അറിയിച്ചത്. ബാലാകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വ്യോമപാതയില്‍ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് നിയന്ത്രണം പിന്‍വലിക്കാനുള്ള നിര്‍ണായക തീരുമാനം ഉണ്ടായത്. യാത്രക്കാര്‍ നേരിടുന്ന ദുരിതവും നഷ്ടവും കണക്കിലെടുത്താണ് നിയന്ത്രണം പിന്‍വലിക്കുന്നതെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഇന്ത്യന്‍ വാണിജ്യ വിമാനങ്ങള്‍ക്ക് പാക് വ്യോമാതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ ഉപരോധം ജൂണ്‍ 14 വരെ പാകിസ്താന്‍ ബുധനാഴ്ച ദീര്‍ഘിപ്പിച്ചിരുന്നു.
ഫെബ്രുവരി 27 നായിരുന്നു ബാലാകോട്ട് ആക്രമണം. പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുണ്ടായ ചാവേറാക്രമണത്തെ തുടര്‍ന്ന് ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരത്താവളത്തിന് നേരെ ഇന്ത്യ പ്രത്യാക്രമണം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയും പാകിസ്താനും വ്യോമാതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.