ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ച് നല്കി. മുമ്പ് പ്രവചിക്കപ്പെട്ടതുപോലെ അമിത് ഷായ്ക്ക് ആഭ്യന്തര വകുപ്പ് കൈമാറി. രാജ് നാഥ് സിങിന് പ്രതിരോധ വകുപ്പ് കൈമാറിയപ്പോള്‍ മുന്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന് ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കും. പ്രധാനമന്ത്രി ബഹിരാകാശ വകുപ്പും ആണവോര്‍ജ്ജ വകുപ്പും കൈകാര്യം ചെയ്യും.
ഇത്തവണയും നിതിന്‍ ഗഡ്കരിക്ക് ഗതാഗത വകുപ്പാണ് നല്‍കിയിരിക്കുന്നത്. പിയൂഷ് ഗോയലിന് ഇക്കുറി റെയില്‍വേക്ക് പുറമേ വാണിജ്യ വകുപ്പിന്റെ ചുമതല കൂടി നല്കി.
സുഷമാ സ്വാരാജിന് പകരം മുന്‍ വിദേശകാര്യസെക്രട്ടറി എസ് ജയശങ്കര്‍ വിദേശകാര്യമന്ത്രിയാകും.സദാനന്ദഗൗഡയ്ക്ക് രാസവളവകുപ്പും രാം വിലാസ് പസ്വാന് ഭക്ഷ്യ പൊതുവിതരണ വകുപ്പുമാണ് നല്‍കിയിരിക്കുന്നത്. രവിശങ്കര്‍ പ്രസാദ്-നിയമം,ഐടി വകുപ്പും പ്രകാശ് ജാവദേക്കര്‍ പരിസ്ഥിതി, വനം, വാര്‍ത്താവിനിമയ വകുപ്പും കൈകാര്യം ചെയ്യും. രമേഷ് പൊക്രിയാല്‍ മാനവവിഭവശേഷി മന്ത്രിയാകും.
കേരളത്തില്‍ നിന്ന് മന്ത്രി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി മുരളീധരന് വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളില്‍ സഹമന്ത്രിയാവും. 25 മന്ത്രിമാര്‍ക്കാണ് 58 അംഗമന്ത്രിസഭയില്‍ ക്യാബിനറ്റ് റാങ്കുള്ളത്. 24 സഹമന്ത്രിമാരും, സ്വതന്ത്രചുമതലയുള്ള 9 പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്. ആദ്യമന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് അഞ്ചരയ്ക്കാണ് ചേരുക.
മോഡിയുടെ മന്ത്രിമാരുടെ പട്ടിക:
നരേന്ദ്രമോഡി (പ്രധാനമന്ത്രി), രാജ്നാഥ് സിംഗ് – പ്രതിരോധം, അമിത് ഷാ- ആഭ്യന്തരം, നിര്‍മ്മല സീതാരാമന് – ധനകാര്യം, വി മുരളീധരന് – വിദേശകാര്യ സഹമന്ത്രി, നിധിന് ഗഡ്കരി- ഉപരിതല ഗതാഗതം, സദാനന്ദ ഗൗഡ – വളം, രാസവള വകുപ്പ്, എസ് ജയശങ്കര്‍ -വിദേശകാര്യമന്ത്രി, രാംവിലാസ് പസ്വാന് ഭക്ഷ്യം, നരേന്ദ്രസിംഗ് തോമര്‍ – കൃഷി, രവിശങ്കര്‍ പ്രസാദ് – നിയമം, ഹര്‍സിമ്രത് കൗര്‍ – ഭക്ഷ്യോല്പാദന വ്യവസായം, പ്രഹ്ളാദ് ജോഷി – പാര്‍ലിമെന്ററി കാര്യം, മഹേന്ദ്രനാഥ് പാണ്ഡേ- നൈപുണ്യവികസന വകുപ്പ്, അരവിന്ദ് ഗണ്ഡപദ് സാവന്ത് – വന്‍കിട വ്യവസായ വകുപ്പ്, ഗിരിരാജ് സിംഗ് – മൃഗസംരക്ഷണവകുപ്പ്, ഗജേന്ദ്രസിംഗ് ഷെഖാവത്ത് – ജലവിഭവവകുപ്പ്, തവാര്‍ ചന്ദ് ഗെലോട്ട് – സാമൂഹ്യനീതി വകുപ്പ്, പ്രകാശ് ജാവ്ദേക്കര്‍ – പരിസ്ഥിതി, രമേഷ് പ്രൊക്രിയാല്‍ – മാനവ വിഭവശേഷി , അര്ജുന് മുണ്ട – ആദിവാസി ക്ഷേമം, സ്മൃതി ഇറാനി – വനിത-ശിശുക്ഷേമം, ടെക്സ്റ്റൈല്‍സ്, ഡോ.ഹര്ഷവര്ദ്ധന് – ആരോഗ്യവകുപ്പ്, പിയൂഷ് ഗോയല്‍ – റെയില്‍വേ, ധര്മ്മേന്ദ്രപ്രധാന് – പെട്രോളിയം, മുക്താര്‍ അബ്ബാസ് നഖ്വി -ന്യൂന പക്ഷ ക്ഷേമം
Discussion about this post