ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകളില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. കാബിനറ്റ് റാങ്കുള്ള 25 പുതിയ മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. ഒമ്പത് പേര് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 24 പേര് സഹമന്ത്രിമാരുമാണ്. ഇന്ന് ഉച്ചയോടെതന്നെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച പട്ടിക പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകുന്നേരം അഞ്ചു മണിക്ക് ആദ്യ മന്ത്രിസഭാ യോഗം ചേരും.
ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ധനവകുപ്പുതന്നെ ലഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ സര്‍ക്കാരിലേതു പോലെ രാജ്‌നാഥ് സിങ് ആഭ്യന്തരവകുപ്പും നിര്‍മലാ സീതാരാമന്‍ പ്രതിരോധവകുപ്പും കൈകാര്യം ചെയ്യുമെന്നും സൂചനകളുണ്ട്.
പുതുതായി മന്ത്രിസഭയിലെത്തിയ മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കറിന് വിദേശകാര്യ വകുപ്പ് ലഭിച്ചേക്കും. വാണിജ്യ മന്ത്രാലത്തിന്റെ ചുമതല രവിശങ്കര്‍ പ്രസാദിന് ലഭിച്ചേക്കും.ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്‌ലി, വിദേശ കാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് തുടങ്ങി കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന 10 മന്ത്രിമാര്‍ പുതിയ മന്ത്രിസഭയില്‍ ഉണ്ടാവില്ല.