ന്യൂഡല്‍ഹി: തുടക്കത്തിലെ കല്ലുകടിച്ച് പ്രതിപക്ഷ സഖ്യം. ഇന്ന് നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം ചില പ്രതിപക്ഷ നേതാക്കളുടെ അസൗകര്യം കണക്കിലെടുത്ത് റദ്ദാക്കി. അതേസമയം, ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസും എന്‍സിപിയും ലോക്സഭയില്‍ ലയിക്കുമെന്ന അഭ്യൂഹവും ശക്തമാവുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തില്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും ശരദ് പവാറും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കോണ്‍ഗ്രസിന് 52 അംഗങ്ങള്‍ മാത്രമാണ് ലോക്സഭയിലുള്ളത്. എന്നാല്‍ ലോക്സഭാ പ്രതിപക്ഷ നേതൃപദവി ഉറപ്പിക്കാന്‍ 55 അംഗങ്ങള്‍ വേണം. എന്‍സിപിക്ക് അഞ്ച് അംഗങ്ങളുണ്ട്. എന്നാല്‍ ലയനമല്ല, മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പും വരള്‍ച്ചയുമാണ് ചര്‍ച്ച ചെയ്തെന്ന് ശരദ് പവാര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
ഇരുപാര്‍ട്ടികളും തമ്മിലുള്ള ലയനത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ പറയുന്നത്. ലോക്സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ നാളെ പ്രത്യേകയോഗം ചേരുന്നുണ്ട്.
Discussion about this post