ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോഡി മന്ത്രിസഭയിലേക്ക് മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കറും. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ അദ്ദേഹവും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അനാരോഗ്യം മൂലം വീണ്ടും മന്ത്രിസഭയിലേക്കില്ലെന്ന് അറിയിച്ച സാഹചര്യത്തിലാണിതെന്നാണ് സൂചന. സത്യപ്രതിജ്ഞാ ചടങ്ങിനായി സുഷമാ സ്വരാജ് എത്തിയിട്ടുണ്ടെങ്കിലും മന്ത്രിമാര്‍ക്കൊപ്പമല്ല, കാണികളുടെ കൂട്ടത്തിലാണ് സുഷമാ സ്വരാജ് ഇരിക്കുന്നത്.
നാടകീയമായാണ് ജയ്ശങ്കര്‍ മന്ത്രിസഭയിലെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങുന്നതിന് തൊട്ടുമുമ്പുവരെ അദ്ദേഹത്തിന്റെ പേര് എവിടെയും ഉയര്‍ന്നുകേട്ടിരുന്നില്ല.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യ സെക്രട്ടറി പദവി വഹിച്ച ഉദ്യോഗസ്ഥനാണ് എസ് ജയശങ്കര്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദേശകാര്യ നയങ്ങള്‍ക്കും, അമേരിക്കയുമായുള്ള സഹകരണത്തിനും നിര്‍ണായക പങ്ക് വഹിച്ചയാളാണ്.
വിദേശകാര്യ സെക്രട്ടറി പദവിയിലെ ജയശങ്കറിന്റെ വിലപ്പെട്ട സേവനത്തിനുള്ള പ്രതിഫലമായാണ് പുതിയ പദവി നല്‍കിയതെന്നാണ് സൂചന. നിലവില്‍ ടാറ്റാ ഗ്ലോബല്‍ കോര്‍പ്പറേറ്റ് അഫയേഴ്‌സിന്റെ തലവനാണ് ജയശങ്കര്‍.
കഴിഞ്ഞ മാര്‍ച്ചില്‍ പദ്മശ്രീ പുരസ്‌കാരത്തിന് ജയശങ്കര്‍ അര്‍ഹനായിരുന്നു. 2015 ജനുവരിയിലാണ് വിദേശകാര്യ സെക്രട്ടറിയായി ജയശങ്കര്‍ നിയമിതനായത്. മുന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന സുജാതാ സിംഗിനെ റിട്ടയര്‍മെന്റിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മാറ്റി ജയശങ്കറിനെ പകരം നിയമിച്ചത്.
മുന്‍ ചൈനീസ് അംബാസിഡറായിരുന്ന ജയശങ്കര്‍ ഡോക്‌ലാമില്‍ ഇന്ത്യ – ചൈന സംഘര്‍ഷാവസ്ഥ നിലനിന്ന സമയത്ത് പ്രശ്‌നപരിഹാരത്തിന് നിര്‍ണായകമായ ഇടപെടല്‍ നടത്തിയത്. പിന്നീട് അമേരിക്കന്‍ അംബാസിഡറായി എത്തിയ ജയശങ്കര്‍, ഇന്ത്യ – യുഎസ് ബന്ധത്തിന്റെ നിര്‍ണായക കണ്ണിയായി. പ്രധാനമന്ത്രി നരേന്ദ്രമോഡി അമേരിക്കയുമായി നടത്തിയ ഇടപാടുകളുടെയും മുന്‍പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചകളുടെയും ബുദ്ധികേന്ദ്രം ജയശങ്കറായിരുന്നു.
2018-ലാണ് എസ് ജയശങ്കര്‍ വിരമിയ്ക്കുന്നത്. വിരമിച്ച ശേഷം ടാറ്റാ ഗ്ലോബല്‍ കോര്‍പ്പറേറ്റ് അഫയേഴ്‌സിന്റെ തലവനാണ് ജയശങ്കര്‍. 1977-ലാണ് ജയശങ്കര്‍ ഐഎഫ്എസ്സിലെത്തുന്നത്. പിന്നീട് സിംഗപ്പൂരിന്റെ ഹൈക്കമ്മീഷണറായ ശേഷമാണ് ജയശങ്കര്‍ ചൈനയുടെയും അമേരിക്കയുടെയും ഇന്ത്യന്‍ സ്ഥാനപതിയാകുന്നത്.
Discussion about this post