അഹമ്മദാബാദ്: ‘എന്റെ ശരീരം 36 കഷ്ണങ്ങളായി മുറിച്ചാലും ബിജെപിയില്‍ ചേരില്ല’ ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ ഉറച്ച വാക്കുകളാണ് ഇത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്ച വച്ചതിന് പിന്നാലെ ഗുജറാത്തിലെ 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെയാണ് സ്വന്തം നിലപാട് തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ രംഗത്തെത്തിയത്. ഗുജറാത്തിലെ ജംഖംഭാലിയയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ വിക്രം മാദം ആണ് തുറന്ന് പറച്ചിലുമായി രംഗത്തെത്തിയത്.
‘എന്റെ ശരീരം 36 കഷണങ്ങളായി മുറിച്ചാലും ഞാന്‍ ബിജെപിയില്‍ ചേരില്ലെ’ന്ന് വിക്രം മാദം പറയുന്നു. അതേസമയം ബിജെപിയിലേക്ക് പോകുമെന്ന ആരോപണം ജംനഗര്‍ മുന്‍ കോണ്‍ഗ്രസ് എംപിയും തള്ളി. താന്‍ ബിജെപിയില്‍ ചേരുമെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് ഭ്രാന്താണെന്നാണ് മുന്‍ എംപി മാധ്യമങ്ങളോട് പ്രതികരിച്ചത്. ലേലം വിളിയില്‍ താനില്ലെന്നും കഴിഞ്ഞ മൂന്ന് ദിവസമായി തന്റെ മണ്ഡലമായിരുന്ന ജംനഗറിലൂടെ സഞ്ചരിക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് എംഎല്‍എ ശിവഭായി ഭുരിയയും ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. തനിക്കെതിരെയുള്ളത് കുപ്രചാരണം മാത്രമാണെന്നും താന്‍ ഇതുവരെ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും കോണ്‍ഗ്രസിനൊപ്പം തന്നെയാണെന്നും ഭുരിയയും വ്യക്തമാക്കി. ബിജെപി അട്ടിമറി വിജയം നേടിയ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞുപോക്ക് ശക്തമാണ്. ഈ സാഹചര്യത്തിലാണ് തങ്ങള്‍ ബിജെപിയിലേയ്ക്ക് ഇല്ലെന്ന നിലപാട് തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post