ന്യൂഡല്‍ഹി: രണ്ടാം മോഡി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയായത്.
അതേസമയം, ബിജെപി അധ്യക്ഷനായി അമിത് ഷാ തുടരും. നരേന്ദ്രമോഡി മന്ത്രിസഭയിലേക്ക് അമിത് ഷായെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നു തീരുമാനിച്ചു. മുന്‍മന്ത്രിമാരായ പ്രകാശ് ജാവഡേക്കര്‍, അര്ജുന് റാം മേഘ്വാള്, രവിശങ്കര്‍ പ്രസാദ്, ധര്‍മേന്ദ്ര പ്രധാന്, നരേന്ദ്രസിങ് തോമര്‍ എന്നിവര്‍ ഈമന്ത്രിസഭയിലും തുടരും. അപ്നാ ദള്‍ നേതാവ് അനുപ്രിയ പട്ടേലും മന്ത്രിസഭയില്‍ തുടരും.
ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ്. രാജ്നാഥ് സിങ് നരേന്ദ്രമോഡിയുമായി ചര്‍ച്ച നടത്തുന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര അമിത് ഷായെ കാണുന്നു. അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തുടരും.
മന്ത്രിസഭയില്‍ അംഗമാകണമെന്ന് അഭ്യര്‍ഥിക്കുന്നതിനായി നരേന്ദ്രമോഡി അരുണ്‍ ജയ്റ്റ്ലിയെ കാണുകയാണ്. ജയ്റ്റ്ലി വകുപ്പില്ലാമന്ത്രിയാകണമെന്നാണ് മോഡിയുടെ ആവശ്യം. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അരുണ്‍ ജയ്റ്റ്ലി പുതിയ മന്ത്രിസഭയില്‍ നിന്ന് പിന്മാറിയത്. തല്ക്കാലം ഈ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച.
അരുണ്‍ ജയ്റ്റ്ലിക്ക് പകരം ധനമന്ത്രിസ്ഥാനത്തേക്ക് മുന്‍ ഊര്‍ജ, റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍ എത്തുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍, ജയ്റ്റ്ലി പുതിയ മന്ത്രിസഭയിലുണ്ടാകണം എന്ന് തന്നെയാണ് നരേന്ദ്രമോഡിയുടെ താത്പര്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായാണ് മോഡി നേരിട്ട് ജയ്റ്റ്ലിയെ കാണുന്നത്.
രാഷ്ട്രപതി ഭവന് അങ്കണത്തില്‍ നാളെ വൈകീട്ട് ഏഴിനാണ് സത്യപ്രതിജ്ഞ. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുമെങ്കിലും ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ വിട്ടുനില്‍ക്കും.
Discussion about this post