ഭോപ്പാല്‍: മഹാത്മ ഗാന്ധിയുടെ ഘാതകന് നാഥുറാം വിനായക് ഗോഡ്സെയെ വീണ്ടും പുകഴ്ത്തി ബിജെപി നേതാവ്. ബിജെപി എംഎല്‍എ ഉഷ താക്കൂറാണ് ഗോഡ്സെയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നത്.
ജീവിതം മുഴുവന്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച ദേശസ്നേഹിയാണ് നാഥുറാം വിനായക് ഗോഡ്സെ എന്നായിരുന്നു ഉഷ താക്കൂര്‍ പറഞ്ഞത്. ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപിയും മലേഗാവ് സ്ഫോടന കേസ് പ്രതിയുമായ പ്രജ്ഞ്യാ സിങ് താക്കൂറും നേരത്തെ മഹാത്മ ഗാന്ധിയുടെ ഘാതകന് നാഥുറാം വിനായക് ഗോഡ്സെയെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു.
‘ജീവിതം മുഴുവന്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച ദേശസ്നേഹിയാണ് നാഥുറാം വിനായക് ഗോഡ്സെ. ഗാന്ധിജിയെ വധിക്കാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് മാത്രമേ അറിയുമായിരുന്നുള്ളൂ,’ ഉഷ താക്കൂര്‍ പറഞ്ഞു.
അതെസമയം, ഉഷ താക്കൂറിന്റെ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദീപക് വിജയ് വര്‍ഗീയ പ്രതികരിച്ചത്. ഉഷാ താക്കൂറിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. വാക്കുകളില്‍ രാമ ഭഗവാനെയും ഹൃദയത്തില്‍ നാഥുറാം ഗോഡ്സെയെയും കൊണ്ടുനടക്കുന്നവരാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പ് സമയത്ത് ഭോപ്പാല്‍ എംപി പ്രജ്ഞ്യാ സിംഗ് ഗോഡ്സെയെ പുകഴ്ത്തിയത് രംഗത്ത് വന്നിരുന്നു. പ്രസ്താവന വിവാദമായതിന് പിന്നാലെ പ്രജ്ഞ്യയെ തള്ളി നരേന്ദ്ര മോഡിയും അമിത് ഷായും രംഗത്ത് വന്നിരുന്നു. പ്രസ്താവന വലിയ വിവാദമാവുകയും പിന്നീട് പ്രജ്ഞ്യാ സിംഗ് മാപ്പ് പറയുകയും ചെയ്തു. അതിന്റെ അലയോലികള്‍ അടങ്ങും മുന്നേയാണ് ഗോഡ്സെയെ പുകഴ്ത്തി വീണ്ടും ബിജെപി നേതാവ് രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post