മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ ദളിത് ബാലികയെ ബലാത്സംഗം ചെയ്ത് ശേഷം ചുട്ടുകൊന്നു. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ കോട്വാലിക്കടുത്ത് റോഹന പ്രദേശത്താണ് സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- അസുഖം ബാധിച്ച് ഗ്രാമത്തിലെ വീട്ടില്‍ കഴിയുന്ന ഭാര്യയെ കാണാന്‍ അച്ഛന് രാജ് സിങ് പോയപ്പോഴാണ് മീനാക്ഷിയെന്ന 14 കാരിയെ ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ശരീരം ചുട്ടെരിക്കുകയായിരുന്നു. മീനാക്ഷിയുടെ ഇളയ സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിശബ്ദനാക്കിയ ശേഷമാണ് പ്രതികള്‍ മീനാക്ഷിയെ ചുട്ടെരിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു.
ഭീം ആര്‍മി അംഗങ്ങള്‍ സ്ഥലത്തെത്തി രാജ് സിങുമായി സംസാരിച്ച ശേഷമാണ് പ്രതികള്‍ക്കെതിരെ നിയമനടപടിക്ക് കുടുംബം തയ്യാറായത്. പരാതിക്കാരന്റെ മൊഴി മജിസ്ട്രേറ്റ് മുന്‍പാകെ രേഖപ്പെടുത്തുമെന്ന് സ്ഥലം എസ്പി വ്യക്തമാക്കി.
കൊലപാതകം, ബലാത്സംഗം, എസ്സി-എസ്ടി നിയമം, പോക്സോ നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇഷ്ടിക ചൂളയുടെ ഉടമ, ഇവിടുത്തെ കണക്കെഴുത്തുകാരന് എന്നിവരടക്കം ഏഴ് പേര്‍ക്കെതിരെയാണ് മീനാക്ഷിയുടെ പിതാവ് കേസ് നല്‍കിയത്.
Discussion about this post