ന്യൂഡല്‍ഹി: മകളെ വിവാഹം കഴിപ്പിച്ച് നല്‍കാന്‍ തയ്യാറാവാത്ത കലിപ്പില്‍ പിതാവിനെ തട്ടിക്കൊണ്ടുപോയ യുവാവ് പോലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ മധുരയിലാണ് സംഭവം. സഞ്ചു എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവ് വിവാഹത്തിന് സമ്മതിക്കാത്തതിനാലാണ് താന്‍ തട്ടിക്കൊണ്ടുപോയതെന്ന് യുവാവ് പറഞ്ഞു.
മകളെ ഇഷ്ടമാണെന്നും കല്ല്യാണം കഴിപ്പിച്ച് തരണമെന്നും യുവാവ് പെണ്‍കുട്ടിയുടെ പിതാവിനോട് പറഞ്ഞിരുന്നു. എന്നാല്‍ പിതാവ് ഇതിന് തയ്യാറാവാതെ വന്നതോടെ സഞ്ചു ക്ഷുഭിതനായി. തുടര്‍ന്ന് പിതാവ് മകളെയും കൊണ്ട് നാട്ടിലേക്ക് ഷിഫ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരിക്കവെയാണ് യുവാവ് ഇയാളെ തട്ടിക്കൊണ്ടു പോയത്. കൂട്ടുകാരന്റെ കാര്‍ വാടകയ്‌ക്കെടുത്താണ് യുവാവ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
വേറെ മൂന്ന് സുഹൃത്തുക്കളെയും സഹായത്തിനായി വിളിച്ചിരുന്നു. പിതാവിനെ തട്ടിക്കൊണ്ട് പോയശേഷം യുവാവ് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് സഞ്ചു നല്ല പയ്യനാണെന്നും അവനെ വിവാഹം കഴിക്കണമെന്നും പറയിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ സംശയം തോന്നിയ പെണ്‍കുട്ടി പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഫോണ്‍ ലൊക്കേഷന്‍ ട്രേയ്‌സ് ചെയ്ത് യുവാവിനെയും കൂട്ടുകാരെയും പോലീസ് പിടികൂടുകയായിരുന്നു.