മുംബൈ: ഒട്ടുമിക്ക വീടുകളിലും മക്കളായി ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഇല്ലാതിരിക്കില്ല. രണ്ട് മക്കളെയും ഒരുപോലെ നോക്കുന്നവരുമുണ്ട്, ആണ്‍കുട്ടികളോട് പ്രത്യേകം പ്രിയം കാണിക്കുന്നവരും ഉണ്ട്. അത്തരത്തില്‍ ഒരു അനുഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മകനെ നന്നായി പഠിപ്പിക്കണം, അവന് നല്ല ജോലി നേടി കൊടുക്കണം ഒടുവില്‍ തങ്ങളെ നല്ല രീതിയില്‍ നോക്കണം ഇങ്ങനെ നീളുന്നു മാതാപിതാക്കളുടെ സ്വപ്നങ്ങള്‍. ആ സ്വപ്നങ്ങള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ഈ പിതാവിനും ഉണ്ടായിരുന്നത്.
ഒരു മകന് ജനിച്ചപ്പോള്‍ അവനെ പൊന്നു പോലെ നോക്കി, പരിചരിച്ചു. പഠിച്ച് നല്ല ജോലി നേടുന്നത് വരെ സ്വപ്നങ്ങള്‍ കണ്ടു. പക്ഷേ എല്ലാം തിരിച്ചടിയായി. അപ്രതീക്ഷിതമായി മകന് പഠനവൈകല്യം പിടിപ്പെട്ടു. അപ്പോഴും മകനെ പരിചരിക്കുന്ന തിരക്കില്‍ ആയിരുന്നു ഇദ്ദേഹം. ഇതിനിടയില്‍ മകളെ ഒന്നു ശ്രദ്ധിക്കാന്‍ പോലും ഈ പിതാവിന് കഴിഞ്ഞില്ല. മകന്റെ വൈകല്യത്തില്‍ തളര്‍ന്ന കുടുംബത്തെ പിന്നീട് താങ്ങി നിര്‍ത്തിയത് തന്നെ അവളായിരുന്നു.
അവളുടെ മറഞ്ഞു കിടക്കുന്ന കഴിവുകളെ പതിയെ പുറത്തെടുത്ത് വരുമാന മാര്‍ഗം ഉണ്ടാക്കുകയായിരുന്നു അവള്. ഹ്യുമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജിലാണ് ഈ അച്ഛന്റെ വാക്കുകള്‍ പങ്കുവച്ചിരിക്കുന്നത്. മകള്‍ ദുപ്പട്ടകളും വിവിധതരം ആഭരണങ്ങളും നിര്‍മ്മിച്ചാണ് വരുമാന മാര്‍ഗം കണ്ടെത്തിയതെന്ന് പിതാവ് പറയുന്നു. ഞാനെപ്പോഴും മകന്റെ കാര്യങ്ങളാണ് കൂടുതല്‍ ശ്രദ്ധിച്ചത്. അതുകൊണ്ട് തന്നെ എന്റെ മകളുടെ കഴിവ് കാണാനെനിക്കായില്ലെന്നും ഈ പിതാവ് പറയുന്നുണ്ട്. അവളിന്നെന്റെ അഭിമാനമായി മാറിയിരിക്കുന്നുവെന്നും പിതാവ് വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
എനിക്ക് രണ്ട് മക്കളായിരുന്നു. ഒരു മകനും ഒരു മകളും. എനിക്ക് എന്റെ മകനെ കുറിച്ച് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. അവന് വളര്‍ന്ന് വലിയൊരാളാകുന്നത് ഞാനെപ്പോഴും സ്വപ്നം കണ്ടു. പക്ഷെ, അവന് സ്കൂളില്‍ പഠിക്കുമ്പോള്‍ അവന്റെ അധ്യാപകരാണ് അതെന്നോട് പറയുന്നത്, അവന് പഠിക്കുന്നതില്‍ എന്തോ ചെറിയൊരു പ്രയാസമുണ്ടെന്ന്. അവന് പഠനവൈകല്യമായിരുന്നു. അതെന്താണ് എന്ന് പോലും എനിക്ക് മനസിലായിരുന്നില്ല. അവന് മറ്റുള്ളവരേക്കാള്‍ മെല്ലെയാണ് എന്ന് മാത്രമാണ് എനിക്കറിയാമായിരുന്നത്. മറ്റുള്ള കുട്ടികളേക്കാള്‍ അവന് ഒരല്പം ശ്രദ്ധ കൂടുതല്‍ വേണ്ടി വന്നു. ആദ്യമൊക്കെ എനിക്ക് കടുത്ത നിരാശ തോന്നി. പക്ഷെ, പയ്യെ ഞാന്‍ മനസിലാക്കി, ഇതൊന്നും തന്നെ അവന്റെ തെറ്റല്ല. മാറണമെന്ന് അവനാഗ്രഹിച്ചാല് പോലും അവന് മാറാനാകില്ല.
അപ്പോഴാണ് അപ്രതീക്ഷിതമായ ആ കാര്യം സംഭവിച്ചത്. എന്റെ മകള്‍ ഈ വീട് നോക്കാന്‍ മുന്നോട്ട് വന്നു. അവള് ദുപ്പട്ടകളും വിവിധതരം ആഭരണങ്ങളും നിര്‍മ്മിച്ചു. ഞങ്ങളുടെ കുടുംബത്തിന് കഴിയാനുള്ളത് അവള് സമ്പാദിച്ചു. അവള് അവളുടെ സഹോദരനെ സഹായിക്കുന്നു, ഞങ്ങളെ നന്നായി നോക്കുന്നു, ഇവയെല്ലാം ഒരേ സമയം കൈകാര്യം ചെയ്യുന്നു. അതുകൊണ്ട് തന്നെ എനിക്ക് വീട്ടുകാര്യങ്ങളൊന്നും നോക്കേണ്ടി വരുന്നില്ല.
ഞാനെപ്പോഴും മകന്റെ കാര്യങ്ങളാണ് കൂടുതല്‍ ശ്രദ്ധിച്ചത്. അതുകൊണ്ട് തന്നെ എന്റെ മകളുടെ കഴിവ് കാണാനെനിക്കായില്ല. അവളിന്നെന്റെ അഭിമാനമായി മാറിയിരിക്കുന്നു. ഞാനെപ്പോഴും കരുതും എന്റെ കുട്ടിയെ ആരെങ്കിലും വിവാഹം കഴിക്കുമല്ലോ അപ്പോള്‍ അയാള്‍ അവളുടെ കാര്യങ്ങളെല്ലാം നന്നായി നോക്കുമെന്ന്. പക്ഷെ, പിന്നീട് ഞാന്‍ മനസിലാക്കി, അവള്‍ക്ക് ആരുടേയും സഹായം വേണ്ട. അവളുടെ കാര്യങ്ങളെല്ലാം നോക്കാന്‍ അവള് തന്നെ ധാരാളമാണ് എന്ന്.
Discussion about this post