ബംഗളൂരു: ആംബുലന്‍സും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടത് ഒരു കുടുംബത്തിലെ അഞ്ച് ജീവനുകള്‍. ദേവനഹള്ളി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ആര്ടിനഗറിലേക്ക് വരികയായിരുന്ന കാറില്‍ നിയന്ത്രണം വിട്ട് ആംബുലന്‍സ് ഇടിച്ചുകയറുകയായിരുന്നു.
അപകടം നടന്നത് പുലര്‍ച്ചെ 2.30ഓടയൊണ്. കൊല്‍ക്കത്ത സ്വദേശികളായ ജയതി ചൗധരി (68) മക്കളായ സുജയ ചൗധരി (46), സ്വാഗത ചൗധരി (41) സ്വാഗതയുടെ ഭര്‍ത്താവ് ദീപാങ്കര്‍ ഡേ (44), മകന് ധ്രുവ് ഡേ (14) എന്നിവരാണ് മരിച്ചത്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ചാലക്കുടി സ്വദേശി മനോജ് ടി നായരുടെ ഭാര്യയാണ് സുജയ. ആര്‍ടി നഗര്‍ നാരായണപ്പ ബ്ലോക്കില്‍ താമസിക്കുന്ന അമ്മയെയും സഹോദരിയെയും കാണാനായി ബംഗളൂരുവിലെത്തിയ സുജയ ഇന്നലെ രാത്രിയോടെ ചെന്നൈയിലേക്കു മടങ്ങേണ്ടതായിരുന്നു.
വിമാനത്താവളത്തില്‍ എത്തിയെങ്കിലും കനത്ത മഴയും കാറ്റും മൂലം വിമാനം റദ്ദാക്കി. രാവിലെയുള്ള മറ്റൊരു വിമാനത്തില്‍ ടിക്കറ്റ് മാറ്റി നല്‍കിയതോടെ വിമാനത്താവളത്തില്‍ നിന്ന് ആര്‍ടി നഗറിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട് ആംബുലന്‍സ് ഡിവൈഡര്‍ കടന്ന് എതിര്‍ദിശയില്‍ സഞ്ചരിക്കുകയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. എംഎസ് രാമയ്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.
Discussion about this post