മുംബൈ: ജാതി പീഡനത്തെ തുടര്‍ന്ന് ദളിത് വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ അറസ്റ്റിലായി. മുംബൈ നായര്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ഡോക്ടര്‍ പായല്‍ തദ്വി മേയ് 22നാണ് ജാതി പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
പായലിന്റെ റൂംമേറ്റ് ഡോ. ഭക്തി മൊഹാറ, ഡോ. ഹേമ അഹൂജ, ഡോ അങ്കിത ഖണ്ഡല്‍വാര്‍ എന്നിവരാണ് പിടിയിലായത്. പായലിന്റെ ആത്മഹത്യക്ക് പിന്നാലെ മൂന്നുപേരും ഒളിവിലായിരുന്നു. മുംബൈ സെഷന്‍ കോടതിയില്‍ മൂന്നുപേരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
മകളുടെ ആത്മഹത്യക്ക് കാരണക്കാരയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യപ്പെട്ട് പായലിന്റെ കുടുംബം മുംബൈയിലെ ബിവൈഎല്‍ നായര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സമരം സംഘടിപ്പിച്ചിരുന്നു. പായലിന്റെ അമ്മ അബേദ, പിതാവ് സല്‍മാന്‍ എന്നിവരാണ് ആശുപത്രിക്ക് മുന്നില്‍ സമരവുമായി എത്തിയത്.
സമരത്തില്‍ പായലിന്റെ ഭര്‍ത്താവ് ഡോ. സല്‍മാന്‍ താദ്വിയും പങ്കെടുത്തു. പായലിന്റെ ആത്മഹത്യ കൊലപാതകമാണ്. ജാതിപീഡനം നടത്തിയ മൂന്ന് വനിതാ ഡോക്ടര്‍മാരാണ് പായലിന്റെ മരണത്തിന് കാരണമെന്നും ഡോ. സല്‍മാന്‍ പറഞ്ഞിരുന്നു. സീനിയേഴ്‌സ് മകളെ ജാതീയമായി അധിക്ഷേപിക്കുന്നുണ്ടെന്ന് കാണിച്ച് നിരവധി തവണ പായലിന്റെ മാതാപിതാക്കള്‍ ആശുപത്രി അധികാരികളെ സമീപിച്ചിരുവെന്നും ഡോ. സല്‍മാന്‍ പറഞ്ഞിരുന്നു.