ചെന്നൈ: ഇത്തവണ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ രാജ്യസഭയിലെത്തിക്കുക തമിഴ്നാട്ടില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. നീക്കങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചതായാണ് സൂചന. ആസാമില്‍ നിന്നും 1991 മുതല്‍ രാജ്യസഭാംഗമാണ് മന്‍മോഹന്‍ സിങ്. എന്നാല്‍ ഇത്തവണ ആസാമില്‍ അദ്ദേഹത്തെ രാജ്യസഭയിലെത്തിക്കാന്‍ ആവശ്യമായ അംഗബലം കോണ്‍ഗ്രസിനില്ലാത്തതിനാലാണ് തമിഴ്‌നാടിനെ ആശ്രയിക്കുന്ന്. മന്‍മോഹന്‍ സിങിന്റെ രാജ്യസഭാംഗത്വ കാലാവധി ജൂണ്‍ 14-ന് അവസാനിക്കും. തമിഴ്നാട്ടില്‍ ഡിഎംകെയുടെ സഹായം തേടിയിരിക്കുകയാണ് കോണ്‍ഗ്രസ്. തമിഴ്നാട്ടില്‍ ജൂലായില്‍ ഒഴിവുവരുന്ന ആറുസീറ്റുകളില്‍ മൂന്നെണ്ണം നേടാനുള്ള അംഗബലം ഡിഎംകെ സഖ്യത്തിനുണ്ട്. അതില്‍ ഒന്ന് മന്‍മോഹന്‍ സിങിനുവേണ്ടി ആവശ്യപ്പെട്ടിരിക്കുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൂത്തുക്കുടിയില്‍നിന്ന് ഡിഎംകെ സ്ഥാനാര്‍ത്ഥിയായി വിജയിച്ച കനിമൊഴി, സിപിഐ നേതാവ് ഡി രാജ, എഐഎഡിഎംകെ നേതാവ് വി മൈത്രേയന്‍ അടക്കമുള്ള ആറു രാജ്യസഭാംഗങ്ങളുടെ കാലാവധിയാണ് ജൂലൈയില്‍ അവസാനിക്കുന്നത്. ഒരാളെ വിജയിപ്പിക്കാന്‍ 34 എംഎല്‍എമാരുടെ പിന്തുണയാണ് ആവശ്യം. കോണ്‍ഗ്രസിന്റെ ഏഴ് എംഎല്‍എമാര്‍ അടക്കം നിലവില്‍ 109 എംഎല്‍എമാരുടെ പിന്തുണയുള്ള ഡിഎംകെ സഖ്യത്തിന് മത്സരമില്ലാതെതന്നെ മൂന്നുപേരെ രാജ്യസഭയിലേക്ക് അയക്കാം.
ലോക്സഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെയുമായുണ്ടാക്കിയ സഖ്യധാരണപ്രകാരം ഒരു സീറ്റ് വൈകോയുടെ എംഡിഎംകെയ്ക്ക് നല്‍കണം. ബാക്കിയുള്ള രണ്ടുസീറ്റില്‍ ഒന്ന് നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം.