ഗുജറാത്ത്: ദളിത് വരനെ പുറത്തേറ്റിയ കുതിരയെ സവര്‍ണ്ണ ജാതിക്കാര്‍ കല്ലെറിഞ്ഞ് കൊന്നു. ഗുജറാത്തിലെ ആരാവല്ലി ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ 43 സവര്‍ണ്ണര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മെയ് 12നു നടന്ന സംഭവത്തില്‍ പരിക്കേറ്റ കുതിര കഴിഞ്ഞ ദിവസം കൊല്ലപ്പെടുകയായിരുന്നു. ദളിതര്‍ വിവാഹഘോഷയാത്ര നടത്തുന്നതിനെതിരെ ഉയര്‍ന്ന ജാതിക്കാര്‍ താക്കീത് നല്‍കിയിരുന്നു. തുടര്‍ന്ന് ദളിതര്‍ പോലീസ് സഹായം ആവശ്യപ്പെട്ടു. പോലീസ് സന്നാഹത്തോടെ ഘോഷയാത്ര നടക്കുമ്പോഴാണ് കല്ലേറുണ്ടായത്. താക്കൂര്‍ ജാതിയില്‍ പെട്ടവരാണ് ദളിതര്‍ക്കെതിരെ ആക്രമണം നടത്തിയത്.
വിവാഹഘോഷയാത്ര തടയുന്നതിന് റോഡില്‍ യജ്ഞകുണ്ഠങ്ങള്‍ ഒരുക്കിയും സവര്‍ണര്‍ തടസ്സം സൃഷ്ടിച്ചിരുന്നു. സംഘര്‍ഷ സാധ്യതയുണ്ടായിരുന്നിട്ടും റോഡില്‍ യജ്ഞം നടത്താന്‍ മേല്‍ജാതിക്കാര്‍ക്കും പോലീസ് അനുമതി നല്‍കിയിരുന്നു. സമാനമായ രീതികള്‍ ഗുജറാത്തിലെ വിവിധയിടങ്ങളില്‍ മേല്‍ജാതിക്കാര്‍ പ്രയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഈയടുത്ത ദിനങ്ങളില്‍ ദളിതര്‍ക്കു നേരെയുള്ള നിരവധി ആക്രമണങ്ങള്‍ ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഞായറാഴ്ച സബര്‍കാന്ത ജില്ലയിലെ ഒരു ഗ്രാമത്തിലും സമാനമായ സംഭവം നടന്നിരുന്നു. ഇവിടെ ഉയര്‍ന്ന ജാതിക്കാരില്‍ നിന്നുള്ള ആക്രമണം ഭയന്ന് വിവാഹ ഘോഷയാത്രയ്ക്ക് സംരക്ഷണം വേണമെന്ന് ദളിത് വിഭാഗക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. പോലീസ് സന്നാഹത്തിന്റെ സംരക്ഷണത്തിലാണ് വിവാഹം നടന്നത്. ഈ മാസം ആദ്യം ദളിത് വിഭാഗക്കാരനായ ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ വിവാഹവും പോലീസ് സംരക്ഷണത്തിലാണ് നടന്നത്.