ഗുവാഹത്തി: ഗുവാഹത്തിയില്‍ കാട്ടാന ചരിഞ്ഞതിനെ തുടര്‍ന്ന് ദുഃഖക്കടലില്‍ ഒരു ഗ്രാമം. ബുര്‍ഹാ ബാബാ എന്ന കാട്ടാനയാണ് ചരിഞ്ഞത്. വൃദ്ധ സന്യാസി എന്നര്‍ത്ഥമുള്ള പദമാണ് ബുര്‍ഹാ ബാബാ. കഴിഞ്ഞ മൂന്ന് വര്‍ഷം മുന്‍പ് ഗ്രാമത്തിനടുത്ത് വെച്ച് ട്രെയിന്‍ തട്ടിയാണ് ബുര്‍ഹാ ബാബാ എന്ന് പ്രദേശവാസികള്‍ പേരിട്ടിരിക്കുന്ന കാട്ടാനയ്ക്ക് പരിക്കേറ്റത്.
പരിക്കേറ്റ നാള് മുതല്‍ ഈ ആന കലിയാബോര്‍ ഗ്രാമത്തില്‍ ഒരു അംഗമായിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന കാലം മുതല്‍ ആനയുടെ മരണം വരെയും ആനയെ നോക്കാനും പരിചരിക്കാനും ഗ്രാമവാസികള്‍ ഉണ്ടായിട്ടുണ്ട്.
ആനയ്ക്ക് ആഹാരവും വെള്ളവും സമയാസമയം എത്തിച്ച് കൊടുക്കാനും ഗ്രാമവാസികള്‍ ഉണ്ടായിരുന്നു. ആനയുടെ ഭാഗത്ത് നിന്ന് ഒരിക്കലും ആക്രമണം ഉണ്ടായിട്ടില്ല. മുറിവുണങ്ങിയ ശേഷവും ആന കാട്ടിലും ഗ്രാമത്തിലുമായി കഴിഞ്ഞു.
ഗ്രാമത്തോട് ചേര്‍ന്ന് തേങ്കാബാരി എന്ന സ്ഥലത്താണ് കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ആന ചരിഞ്ഞതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
Discussion about this post