ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം രാജി വയ്ക്കുമെന്ന തീരുമാനത്തില്‍ നിന്ന്. രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാന്‍ സഖ്യകക്ഷികളും ഇടപെടുന്നു. സ്ഥാനം രാജി വയ്ക്കരുതെന്നും പ്രതിപക്ഷത്തെ രാഹുല്‍ നയിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചു.
കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയില്‍ നിന്നും മാറരുതെന്ന് ഡിഎംകെയും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയില്‍ നിന്നുള്ള രാഹുലിന്റെ രാജിസന്നദ്ധതയെ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവും വിമര്‍ശിച്ചു.രാഹുലിന്റെ തീരുമാനം ആത്മഹത്യാപരമാണെന്ന് ലാലു പ്രസാദ് വിമര്‍ശിച്ചത്.
ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റായാല്‍, ഗാന്ധി കുടുംബത്തിന്റെ കയ്യിലെ കളിപ്പാവയെന്ന ആക്ഷേപം ഉയരും. രാഷ്ട്രീയ എതിരാളികള്‍ക്ക് രാഹുല്‍ എന്തിനാണ് ഇത്തരമൊരു വടി നല്‍കുന്നതെന്നും ലാലു ചോദിച്ചു. കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ തമിഴ് നടന്‍ രജനീകാന്തും വിമര്‍ശിച്ചിരുന്നു.
അതെസമയം വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ രാഹുലിന്റെ വസതിയില്‍ വൈകിട്ട് 4.30ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുടെ യോഗം ചേരും. രാഹുല്‍ രാജി വയ്ക്കാന്‍ തീരുമാനമായാല്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ആകും അധ്യക്ഷനാവുക.