ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറിയ രണ്ട് എംപിമാര്‍ പാര്‍ലമെന്റില്‍ എത്തിയതാണ് സോഷ്യല്‍മീഡിയയുടെ ചൂടേറിയ ചര്‍ച്ച. കന്നി എംപിമാര്‍ ജീന്‍സും ടോപ്പും കൂളിങ് ഗ്ലാസും വെച്ചാണ് എത്തിയത്. ഇതിനെതിരെയാണ് വിമര്‍ശനം ഉന്നയിച്ച് ഒരു കൂട്ടര്‍ രംഗത്ത് വന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ മിമി ചക്രവര്‍ത്തിയും നുസ്രത്ത് ജഹാനുമാണ് പാര്‍ലമെന്റില്‍ ജീന്‍സ് ധരിച്ച് മോഡേണ്‍ വേഷത്തിലെത്തിയത്.
പാര്‍ലമെന്റില്‍ നിന്നുകൊണ്ടുള്ള ചിത്രവും ഇരുവരും പങ്കുവെച്ചിരുന്നു. ഇതോടെയാണ് ട്രോളിയും വിമര്‍ശനങ്ങള്‍ തൊടുത്തും ഒരു കൂട്ടര്‍ എത്തിയത്. വിജയിച്ച ശേഷം ആദ്യമായി പാര്‍ലമെന്റില്‍ എത്തിയതായിരുന്നു ഇവര്‍. പാര്‍ലമെന്റിന്റെ മുന്നില്‍ നിന്നെടുത്ത ചിത്രത്തിന് താഴെ ഇതൊരു സിനിമാഷൂട്ടിങ്ങ് അല്ലെന്നാണ് വിമര്‍ശനങ്ങള്‍ എത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ ജീന്‍സ് ധരിച്ചെത്തിയ മിമി ചക്രവര്‍ത്തിയെ എതിരാളികള്‍ അധിക്ഷേപിച്ചിരുന്നു.
ഇതിന് മറുപടിയെന്നോണം ആണ് പാര്‍ലമെന്റിലെ ആദ്യ ദിവസം ജീന്‍സ് ധരിച്ച് മിമി എത്തിയത്. സല്‍വാറുടുത്താലും സാരിയുടുത്താലും ഞാന്‍ പ്രവര്‍ത്തിക്കും. പക്ഷേ ജീന്‍സിട്ട് വന്നാല്‍ ഞാന്‍ വേറൊരു വ്യക്തിയാകുമോ? എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിവില്ലാതാകുമോ? -മിമി വിമര്‍ശനങ്ങളോട് തുറന്നടിച്ച് ചോദിച്ചു. നുസ്രത്ത് ജഹാനും പ്രചാരണസമയത്ത് വസ്ത്രധാരണത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു.