പട്ന: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ എതിര്‍ത്ത് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് രാഹുല്‍ രാജിക്ക് ഒരുങ്ങിയത്. എന്നാല്‍ ഈ തീരുമാനം ആത്മഹത്യാപരമാണെന്ന് ലാലു പ്രസാദ് പറയുന്നു.
നിലവില്‍ അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ലാലു, റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രാഹുലിന്റെ രാജി കാര്യത്തില്‍ പ്രതികരണം അറിയിച്ചത്. ഒരു ദേശീയ മാധ്യമത്തോടെയായിരുന്നു പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് മാറാനുള്ള രാഹുലിന്റെ തീരുമാനം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു മാത്രമല്ല, സംഘപരിവാറിനെതിരെ പോരാടുന്ന എല്ലാ ശക്തികള്‍ക്കും മരണമണി മുഴക്കുമെന്ന് ലാലു പറഞ്ഞു.
ഗാന്ധികുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ അധ്യക്ഷസ്ഥാനത്ത് എത്തിയാല്‍, ആ വ്യക്തിയെ ‘ഗാന്ധികുടുംബത്തിന്റെ പാവ’ എന്നായിരിക്കും എതിരാളികള്‍ വിശേഷിപ്പിക്കുക. എന്തിനാണ് അതിനുള്ള അവസരം രാഹുല്‍ തന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് നല്‍കുന്നത്- ലാലു ചോദിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ മോഡിയുടെ വിജയം തങ്ങളുടെ കൂട്ടായ പരാജയമാണെന്ന് പ്രതിപക്ഷം അംഗീകരിക്കണം. എവിടെയാണ് തെറ്റുപറ്റിയതെന്ന് പ്രതിപക്ഷം പരിശോധിക്കണമെന്നും ലാലു ആവശ്യപ്പെട്ടു.
Discussion about this post