ന്യൂഡല്‍ഹി: സത്യപ്രതിജ്ഞ ചടങ്ങിന് രണ്ട് ദിവസം മാത്രം ശേഷിക്കെ മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് അനുഗ്രഹം വാങ്ങി നരേന്ദ്രമോഡി. നേരത്തെ കുടുംബ വീട്ടിലെത്തി മോഡി അമ്മയുടെ അനുഗ്രഹം വാങ്ങിയിരുന്നു.
പ്രണബ് ദായെ കാണുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമായ അനുഭവമാണ്. അദ്ദേഹത്തിന്റെ അറിവും ഉള്‍ക്കാഴ്ചയും സമാനതകളില്ലാത്തതാണ്. രാജ്യത്തിനേറെ സംഭാവനകള്‍ നല്‍കിയ രാഷ്ട്രതന്ത്രജ്ഞനാണ് അദ്ദേഹം. ഇന്ന് പ്രണബ് ദായെ കണ്ട് അനുഗ്രഹം തേടി. പ്രണബുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മോഡി ട്വിറ്ററില്‍ കുറിച്ചതിങ്ങനെ.
അതേസമയം, മോഡിയുടെ നല്ല വാക്കുകള്‍ക്ക് നന്ദി പറയുന്നതായി ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് പ്രണബ് മുഖര്‍ജി കുറിച്ചു. താങ്കളെ കാണുന്നതും സന്തോഷകരമാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ഇനി മുന്നോട്ട് പോകും തോറും താങ്കള്‍ കൂടുതല്‍ കരുതനാവട്ടെ. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടേയും വിശ്വാസം എന്ന മുദ്രാവാക്യം നടപ്പാക്കാന്‍ താങ്കള്‍ക്ക് സാധിക്കട്ടെയെന്നും മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.