ഉത്തര്‍പ്രദേശ്: ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. അമ്മയുടെ കൈയ്യില്‍ കിടന്നാണ് പിഞ്ചുകുഞ്ഞ് ഈ ലോകത്തോട് വിടപറഞ്ഞത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് ഈ ദാരുണ സംഭവം നടന്നത്. കടുത്ത പനിയെ തുടര്‍ന്നാണ് ഇവര്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പനി കടുത്തതിനാല്‍ കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ പറഞ്ഞു. എന്നാല്‍ കുട്ടിയെ കൊണ്ടുപോകാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ ആശുപത്രി അധികൃതര്‍ നിരസിച്ചെന്നാണ് മാതാപിതാക്കളുടെ ആരോപണം.
ആശുപത്രിയില്‍ ആ സമയത്ത് മൂന്ന് ആംബുലന്‍സുകള്‍ ഉണ്ടായിട്ടും ഇല്ലെന്നാണ് അധികൃതര്‍ ഇവരോട് പറഞ്ഞത്. സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോകാന്‍ ഇവരുടെ കൈയ്യില്‍ പണവും ഇല്ലായിരുന്നു. ഇതേതുടര്‍ന്ന് കുട്ടിയെയും എടുത്ത് വീട്ടിലേക്ക് തിരിച്ച് പോകുന്നതിനിടയിലാണ് കുട്ടി മരിച്ചത്.
അതേസമയം ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്ന കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ ആരോഗ്യനില വളരെ മോശമായിരുന്നുവെന്നും കുട്ടിയെ ലഖ്‌നൗ സ്‌പെഷ്യല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ആശുപത്രിയില്‍ കുട്ടിയെ ചികിത്സിക്കാമെന്ന് പറഞ്ഞാണ് അവര്‍ കുട്ടിയെ കൊണ്ടുപോയെന്ന് എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസര്‍ അനുരാഗ് പരാശര്‍ പറഞ്ഞു.
Discussion about this post