അയല്‍വാസിയോട് ‘ഗുഡ്‌മോണിങ്’പറഞ്ഞില്ല; ഡല്‍ഹിയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

നീരജ് സിംഗ് (28) എന്ന യുവാവിനെയാണ് അയല്‍ക്കാര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്

ന്യൂഡല്‍ഹി: അയല്‍വാസിയോട് ഗുഡ്‌മോണിങ് പറഞ്ഞില്ല എന്ന കാരണം പറഞ്ഞ് യുവാവിനെ ഒരുപറ്റം ആളുകള്‍ കുത്തി പരിക്കേല്‍പ്പിച്ചു. വെസ്റ്റ് ഡല്‍ഹിയാണ് ഈ സംഭവം നടന്നിരിക്കുന്നത്. നീരജ് സിംഗ് (28) എന്ന യുവാവിനെയാണ് അയല്‍ക്കാര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായ പരിക്കോടെ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. നീരജ് അടുത്തുള്ള കടയില്‍ നിന്ന് പാല്‍ വാങ്ങി വരുമ്പോഴാണ് അയല്‍വാസികളായ ഇഷ്‌റാന്‍, ബന്റി എന്നീ യുവാക്കള്‍ തടഞ്ഞു നിര്‍ത്തി ഗുഡ്‌മോണിങ് പറയാന്‍ ആവശ്യപ്പെട്ടത്. ആ പ്രദേശത്തെ കരുത്തരാണ് തങ്ങളെന്നും പറയുന്നത് അതുപോലെ അനുസരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ നീരജ് ഇതിന് തയ്യാറാകാതെ വന്നതോടെ ആദ്യം മര്‍ദ്ദിക്കുകയും പിന്നീട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബന്റി എന്നയാളാണ് കുത്തിയതെന്നാണ് കരുതുന്നത്. യുവാവിന്റെ ബോധം നഷ്ടമാവുന്നത് വരെ ഇയാള്‍ തുടരെത്തുടരെ കുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവം ശേഷം ഇരുവരും അവിടെ നിന്നും കടന്നു കളഞ്ഞു. നീരജിന്റെ മൊഴിയുടെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Exit mobile version