ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ച് നില്‍ക്കുന്നതോടെ പകരം ആളെ തേടിയുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.
രാജിയില്‍ നിന്നും രാഹുലിനെ പിന്മാറ്റാന് മുതിര്‍ന്ന നേതാക്കളും അമ്മ സോണിയയും സഹോദരി പ്രിയങ്കയുമടക്കം നടത്തിയ ശ്രമങ്ങള്‍ ഫലം കാണാത്തതിനെ തുടര്‍ന്നാണ് പുതിയ ആളെ കണ്ടെത്താന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്.
അതേസമയം, അധ്യക്ഷസ്ഥാനത്തേക്ക് രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിന്റെ പേരാണ് ഇപ്പോള്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യ, പൃഥ്വിരാജ് ചൗഹാന്, എകെ ആന്റണി തുടങ്ങിയ നേതാക്കളുടെ പേരുകളും ചര്‍ച്ചയില്‍ വരുന്നുണ്ട്. എന്നാല്‍ സംഘടനാപാടവത്തില്‍ മികവ് തെളിയിച്ചിട്ടുള്ള സച്ചിന് പൈലറ്റിന്റെ പേരിനാണ് ചര്‍ച്ചകളില്‍ മുന്‍ഗണ ലഭിക്കുന്നത്. സച്ചിന് പൈലറ്റിന്റെ നേതൃത്വത്തിലായിരുന്നു രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തത്. യുവജന നേതാവ് എന്ന വിശേഷണവും സച്ചിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.
2004-ല്‍ തന്റെ 26-ാം വയസില്‍ ദൗസ മണ്ഡലത്തില്‍ 1.2 ലക്ഷം വോട്ടുകള്‍ വിജയിച്ച് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിട്ടുള്ള ആളാണ് സച്ചിന് പൈലറ്റ്. ഇതടക്കം മൂന്ന് തവണ ലോക്സഭാ അംഗമായിട്ടുള്ള പൈലറ്റ് രണ്ടാം യുപിഎ സര്‍ക്കാരില്‍ കോര്‍പ്പറേറ്റ് അഫേഴ്സ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എന്നാല്‍ നെഹ്റു കുടുംബാംഗമെന്ന നിലയില്‍ രാഹുല്‍ സ്വീകാര്യനായത് പോലെ മുതിര്‍ന്ന നേതാക്കള്‍ ജൂനിയറായ സച്ചിന് പൈലറ്റിനോട് താത്പര്യം കാണിക്കുമോ എന്നുള്ള ചോദ്യവും ഉയരുന്നുണ്ട്.
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ഉടന്‍ തന്നെ രാജി സന്നദ്ധ രാഹുല്‍ സോണിയയെ അറിയിച്ചിരുന്നു. നിലവില്‍ രാഷ്ട്രീയ അന്തരീക്ഷത്തില്‍ താത്കാലികമായിട്ടാണെങ്കിലും മാറി നില്ക്കുക എന്ന് നിലപാടില്‍ ഉറച്ചാണ് രാഹുലുള്ളതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പിന്നോട്ടില്ല എന്നതായതോടെ രാജിവെക്കാനുള്ള തീരുമാനത്തിന് സോണിയയും പ്രിയങ്കയും അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post