ന്യൂഡല്‍ഹി;രണ്ടാം മോഡി സര്‍ക്കാര്‍ മന്ത്രി സഭയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ധനകാര്യ വകുപ്പ് ഏറ്റെടുത്തേക്കുമെന്ന് സൂചന. ആരോഗ്യ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റലിക്ക് പകരക്കാരനായി അമിത് ഷാ എത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ആഭ്യന്തരം ഏറ്റെടുത്ത് മന്ത്രിസഭയിലെ രണ്ടാമനായി അമിത് ഷാ എത്തിയേക്കുമെന്നായിരുന്നു നേരത്തെ വന്ന സൂചനകള്‍. അതെസമയം അമിത് ഷായുടെ മന്ത്രിസഭാ പ്രവേശനത്തിലും മറ്റ് മന്ത്രിമാരുടെ കാര്യത്തിലും രണ്ട് ദിവസത്തിനുള്ളില്‍ തന്നെ തീരുമാനമായേക്കും.
മെയ് 30 വ്യാഴാഴ്ച രാത്രി ഏഴുമണിക്കാണ് മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. ചടങ്ങിലേക്ക് നിരവധി ലോകനേതാക്കള്‍ അതിഥികളായെത്തിയേക്കുമെന്ന് നേരത്തെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെയ് 31 ന് ആദ്യ മന്ത്രിസഭാ യോഗം ചേരുമെന്നാണ് സൂചന.ജൂണ്‍ ആറിന് 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ചേര്‍ന്നേക്കും. ആറിന് തുടങ്ങുന്ന സഭാസമ്മേളനം 14 വരെ നീണ്ടുനില്‍ക്കുമെന്നാണ് സൂചന.