രാജിക്കാര്യത്തില്‍ ഉറച്ച് നിന്ന് രാഹുല്‍; ഉചിതനായ മറ്റൊരാളെ കണ്ടെത്താന്‍ നിര്‍ദേശം

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്നും മറ്റൊരാളെ കണ്ടെത്തിക്കോളാനും തന്നെ സന്ദര്‍ശിച്ച അഹമ്മദ് പട്ടേലിനോടും കെസി വേണുഗോപാലിനോടും രാഹുല്‍ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉണ്ടായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറാതെ രാഹുല്‍ഗാന്ധി. അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകസമിതി ഇത് തള്ളുകയായിരുന്നു. എന്നാല്‍ രാഹുല്‍ രാജിവെയ്ക്കുമെന്നുള്ള തീരുമാനത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്നും മറ്റൊരാളെ കണ്ടെത്തിക്കോളാനും തന്നെ സന്ദര്‍ശിച്ച അഹമ്മദ് പട്ടേലിനോടും കെസി വേണുഗോപാലിനോടും രാഹുല്‍ ആവശ്യപ്പെട്ടു. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ കാണാന്‍ വിസമ്മതിച്ച രാഹുല്‍ തന്റെ എല്ലാ യോഗങ്ങളും കൂടിക്കാഴ്ചകളും റദ്ദുചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.

പെട്ടെന്ന് അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ച് പോകില്ലെന്നും ആ സ്ഥാനത്തേക്ക് ഉചിതനായ ഒരാളെ കണ്ടെത്താനുള്ള സമയം പാര്‍ട്ടിക്ക് രാഹുല്‍ നല്‍കിയിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ പുതിയ അധ്യക്ഷന്‍ വേണമെന്നില്ലെന്നും പുറത്ത് നിന്ന് ഉചിതനായ ആളെ കണ്ടെത്തണമെന്നും കഴിഞ്ഞ ദിവസം രാഹുല്‍ പറഞ്ഞിരുന്നു.

അതിനിടെ പ്രിയങ്ക ഗാന്ധിയുടെ പേര് നിര്‍ദേശിച്ചെങ്കിലും രാഹുല്‍ ഇതിനെ എതിര്‍ത്തു. തന്റെ സഹോദരിയെ ഇക്കാര്യത്തിലേക്ക് വലിച്ചിഴക്കരുതെന്നായിരുന്നു രാഹുലിന്റെ മറുപടി. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ രാഹുലിന്റെ രാജി തീരുമാനത്തില്‍ സോണിയ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ആദ്യം എതിര്‍പ്പറിയിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ പിന്തുണയ്ക്കുന്നതായാണ് വിവരം. പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് വരെ മാത്രമേ രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനത്ത് തുടരുകയുള്ളൂവെന്നാണ് പാര്‍ട്ടിയുമായി അടുപ്പമുള്ളവര്‍ നല്‍കുന്ന സൂചന. എന്നാല്‍ രാഹുല്‍ രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന വാര്‍ത്തകള്‍ എഐസിസി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version