ഗുരുഗ്രാം: ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മുസ്ലിം യുവാവിന്റെ തൊപ്പി അഴിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. മുഹമ്മദ് ബര്‍ക്കത്ത് എന്ന ഇരുപത്തഞ്ച് വയസ്സുക്കാരനാണ് ഇന്നലെ രാത്രി ഒരു സംഘം ആളുകളുടെ മര്‍ദ്ദനത്തിന് ഇരയായത്.
ഗുരുഗ്രാമിലെ പള്ളിയില്‍ നിന്നിറങ്ങി വരും വഴി രാത്രി 10 മണിയോടെയാണ് മുഹമ്മദ് ക്രൂര മര്‍ദ്ദനത്തിനിരയായത്. ഒരു സംഘം ആളുകള്‍ തനിക്ക് നേരെ വരികയും തൊപ്പി അഴിച്ച് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. താന്‍ പള്ളിയില്‍ നിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ മുഖത്ത് ശക്തിയായി അടിക്കുകയും ജയ് ശ്രീറാമും ഭാരത് മാതാ കീ ജയ് എന്നും ഉറക്കെ വിളിക്കാനും ആവശ്യപ്പെട്ടുവെന്ന് മുഹമ്മദ് പറയുന്നു.
എന്നാല്‍ താന്‍ അതിന് വിസ്സമ്മതിച്ചപ്പോള്‍ പന്നിയിറച്ചി തീറ്റിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് ഒരാള്‍ വലിയ ഒരു വടിയെടുത്ത് തന്നെ ക്രൂരമായി തല്ലിചതക്കുകയും അധിക്ഷേപിക്കുകയും ചെയ്ത്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ താന്‍ ധരിച്ചിരുന്ന ഷര്‍ട്ട് വലിച്ച് കീറിയെന്നും യുവാവ് തുറന്ന് പറഞ്ഞു.
രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗമൊന്നുമില്ലാതെ വന്നപ്പോള്‍ താന്‍ ഉച്ചത്തില്‍ കരയുകയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ നാല് പേര് ബൈക്കില്‍ രക്ഷപ്പെട്ടെന്നും രണ്ട് പേര് അടുത്തുള്ള ഊടുവഴി കയറി രക്ഷപ്പെട്ടെന്നും മുഹമ്മദ് പറയുന്നു. മര്‍ദ്ദനമേറ്റ ഇയാളെ ബന്ധു മുര്‍തജയാണ് പിന്നീട് ആശുപത്രിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതിയും നല്‍കി. പ്രതികള്‍ക്കെതിരെ മതവിദ്വേഷത്തിനും ഭീഷണിക്കും അന്യായ കൂട്ടം ചേരലിനും കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.