ന്യൂഡല്‍ഹി: വീണ്ടും എതിരാളികളെ നിഷ്പ്രഭരാക്കുന്ന മിന്നും വിജയം നേടിയതിന്റെ ആഘോഷങ്ങള്‍ക്കായി നരേന്ദ്ര മോഡി ഇന്ന് സ്വന്തം മണ്ഡലമായ വാരണാസിയില്‍. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ പങ്കെടുക്കാനുമാണ് യാത്ര.
അതേസമയം, വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയ മോഡിയെ സ്വീകരിക്കാന്‍ വാരണാസി ഒരുങ്ങി. രാവിലെ ഒമ്പതിന് വാരണാസി വിമാനത്താവളത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ മോഡിയെ വരവേല്‍ക്കും.
തുടര്‍ന്ന് ദര്‍ശനത്തിനായി റോഡ് മാര്‍ഗം കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തും. പൂജകള്‍ പൂര്‍ത്തിയാക്കി നഗരത്തിന് പുറത്തുള്ള ട്രേഡ് ഫെസിലിറ്റി സെന്ററില്‍ എത്തുന്ന മോഡി, പാര്‍ട്ടിപ്രവര്‍ത്തകര്‍ നല്കുന്ന സ്വീകരണത്തിന് ശേഷം വോട്ടര്‍മാരോട് നന്ദി പറയും. കഴിഞ്ഞ തവണത്തേക്കാള്‍ ഒരു ലക്ഷം വോട്ട് കൂടുതല്‍ നല്‍കിയാണ് വാരണാസി ഇക്കുറി മോഡിയെ പ്രധാനമന്ത്രിയാക്കുന്നത്. ഇത്തവണത്തെ ഭൂരിപക്ഷം 4.8 ലക്ഷമാണ്. ഇന്നലെ ഗുജറാത്തിലെത്തി അമ്മയുടെ അനുഗ്രഹം തേടിയ ശേഷമാണ് മോഡി കാശിയിലെത്തുന്നത്.
Discussion about this post