ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പില്‍ തന്റെ സഹോദരന്‍ ഏകനായാണ് പോരാടിയതെന്നും ഈ തോല്‍വിയുടെ ഉത്തരവാദിത്വം ഇവിടെയുള്ള എല്ലാവര്‍ക്കുമുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് താന്‍ മോഡിക്കും ബിജെപിക്കുമെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന പല വിഷയങ്ങളും ഏറ്റെടുക്കുന്നതിലും അവ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ പല നേതാക്കള്‍ക്കും വീഴ്ച സംഭവിച്ചെന്ന രാഹുലിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് പ്രിയങ്കയും മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
പ്രവര്‍ത്തക സമിതി യോഗത്തില്‍ തോല്‍വിയുടെ ഉത്തരവാദികളെല്ലാം ഈ ഹാളില്‍ത്തന്നെ ഇരിക്കുന്നുണ്ടെന്നു പറഞ്ഞാണ് പ്രിയങ്ക പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് റാഫേല്‍ വിഷയത്തിലെ ചൗക്കിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം പോലും ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ലെന്നും തോല്‍വിയുടെ ഉത്തരവാദികളെല്ലാം ഈ ഹാളില്‍ത്തന്നെ ഇരിക്കുന്നുണ്ടെന്നും പ്രിയങ്ക തുറന്നടിച്ചു. കൂടാതെ നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ അധ്യക്ഷ പദവിയൊഴിയുന്നത് ബിജെ.പിയുടെ കെണിയില്‍ വീഴുന്നതിനു തുല്യമാണെന്നും മുഖ്യശത്രുവായ രാഹുലിനെ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാക്കുകയാണ് എതിരാളികളുടെ ലക്ഷ്യമെന്നും പ്രിയങ്ക വ്യക്തമാക്കി.