ലഖ്നൗ: ഭോജ്പൂരി നടിയായ റിതു സിംഗ് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്രകോപിതനായി ഹോട്ടലില്‍ തുരുതുരാ വെടിയുതിര്‍ത്ത യുവാവ് അറസ്റ്റില്‍. പങ്കജ് യാദവ് എന്ന ആളാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. ഒരു സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായി എത്തിയതായിരുന്നു താരം. കഴിഞ്ഞ കുറെ മാസങ്ങളായി റിതു സിംഗിന്റെ പിന്നാലെ കൂടിയിട്ടുണ്ടായിരുന്നു ഇയാള്‍.
പ്രണയാഭ്യര്‍ത്ഥന നടത്തിയപ്പോഴെല്ലാം താരം അത് നിരസിക്കുകയാണ് ചെയ്തത്. എന്നാല്‍ നടിയെ പിന്തുടര്ന്ന് എത്തിയ ഇയാള്‍ ഹോട്ടലിലേയ്ക്ക് എത്തി. ശേഷം റിതു സിംഗ് താമസിക്കുന്ന മുറിയുടെ വാതില്‍ ചവിട്ടി പൊളിക്കുകയും തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഷൂട്ടിങ്ങിനായി മുംബൈയില്‍ നിന്നെത്തിയ അണിയറപ്രവര്‍ത്തകര്‍ ഹോട്ടലിലെ മറ്റ് മുറികളില്‍ താമസിക്കുന്നുണ്ടായിരുന്നു. റിതു സിംഗിന്റെ ശബ്ദ് കേട്ട് എത്തിയ അണിയറപ്രവര്‍ത്തകര്‍ പങ്കജിനെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും വെടിയുതിര്‍ക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി.
ഇതിനിടയില്‍ റിതുവിനെ രക്ഷപ്പെടുത്താനെത്തിയ അശോക് എന്നയാള്‍ക്ക് നേരെ പങ്കജ് വെടിയുതിര്‍ത്തു. സാരമായി പരിക്കേറ്റ അശോകിനെ അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ശേഷം നില തെറ്റിയ ഇയാള്‍ മുറിയില്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ ജീവനക്കാരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തുകയും പങ്കജിന്റെ പക്കല്‍നിന്ന് റിതുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തി.
അതിനിടയില്‍ എസ്പി പാട്ടിലിന് നേരെയും പങ്കജ് വെടിയുതിര്‍ത്തു. നിസാര പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് നടി റിതുവിനെ രക്ഷപ്പെടുത്താനായത്. പ്രതി പങ്കജിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post